റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാരാലിമ്പിക്സില്‍ ഇന്ത്യക്ക് നിരാശ

August 26, 2021 - 9:27 am

ടോക്കിയോ: പാരാലിമ്പിക്സില്‍ ഇന്ത്യക്ക് നിരാശയുടെ ദിനം. ഇന്ത്യ ഇന്നലെ മാറ്റുരച്ച വനിതാ ടേബിള്‍ ടെന്നീസില്‍ രണ്ടു മത്സരങ്ങളിലും തോല്‍വി. ആദ്യ മത്സരത്തില്‍ സോനാലിബെന്‍ മനുഭായ് പട്ടേല്‍ ചൈനയുടെ ലോക നാലാം നമ്പര്‍ താരം ലീ ഒലാനെ വിറപ്പിച്ച ശേഷം കീഴടങ്ങി. മൂന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കായിരുന്നു അട്ടിമറി പ്രതീതി ഉളവാക്കിയശേഷം സോനാലിബെന്നിന്റെ തോല്‍വി.

ആദ്യ ഗെയിം 11-9 ന് സോനാലി നേടി. രണ്ടാം ഗെയിമില്‍ മൂന്നു പോയിന്റ് മാത്രമാണ് ഇന്ത്യന്‍ താരത്തിനു നേടാനായത്. 11-3 നു ഗെയിം ചൈനീസ് താരം സ്വന്തമാക്കി. ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന മൂന്നാം ഗെയിം 17-15 ന് സോനാലി കൈപ്പിടിയിലാക്കി. എന്നാല്‍ നിര്‍ണായകമായ അവസാന രണ്ടു ഗെയിമുകളിലും സോനാലിക്കു മികവു നിലനിര്‍ത്താനായില്ല. 11-7 ന് നാലാം ഗെയിം നേടിയ ലീ ഒലാന്‍ അഞ്ചാം ഗെയിം 11-4 നു ജയിച്ച് മത്സരം കീശയിലാക്കി.മറ്റൊരു മത്സരത്തില്‍ ഭാവിനാ ബെന്‍ പട്ടേലിനും ആദ്യറൗണ്ട് കടക്കാനായില്ല. ചൈനയുടെ യിങ് സോ എതിരില്ലാത്ത മൂന്നു ഗെയിമുകള്‍ക്ക് ഭാവിനയെ തകര്‍ത്തു. പാരാലിമ്പിക്സ് ടേബിള്‍ ടെന്നീസില്‍ അഞ്ചുവട്ടം സ്വര്‍ണം നേടിയ ചൈനീസ് താരം ഭാവിനയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണു കാഴ്ചവച്ചത്. ആദ്യ ഗെയിം 11-3 ന് യിങ്ങിന്റെ അക്കൗണ്ടിലെത്തി. രണ്ടാം ഗെയിമില്‍ ചെറിയ വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യന്‍ താരത്തിനായെങ്കിലും 9-11 ന് ഗെയിം നഷ്ടമായി. 11-2 നു മൂന്നാം ഗെയിമും നേടി യിങ് ആദ്യറൗണ്ട് പോരാട്ടം ഗംഭീരമാക്കി. ഓസ്ട്രേലിയയുടെ പെയ്ജ് ഗ്രീക്കോ ടോക്കിയോ പാരാലിമ്പിക്സിലെ ആദ്യസ്വര്‍ണത്തിന് അവകാശിയായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *