റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: എം.എസ്.എഫ് നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചതുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ക്രൂരമായ വ്യക്തിഹത്യയ്ക്ക് ഹരിത നേതാക്കള്‍ ഇരയാകുന്നുവെന്ന് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. തങ്ങളുന്നയിച്ച വിഷയങ്ങളില്‍ മാതൃകാപരമായ നടപടി മുസ്‌ലിം ലീഗ് നേതൃത്വം സ്വീകരിക്കുമെന്നുറപ്പുണ്ടെന്നും തഹ്‌ലിയ 18/08/21 ബുധനാഴ്ച പറഞ്ഞു.

ഹരിതയെ മരവിപ്പിച്ച നടപടി പ്രയാസമുണ്ടാക്കിയെന്നും തഹ്‌ലിയ പറഞ്ഞു. എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച പത്ത് പേരും സംസ്ഥാന ഭാരവാഹികളാണെന്നും തഹ്‌ലിയ പറഞ്ഞു.

ഫാത്തിമ തഹ്‌ലിയയുടെ വാക്കുകള്‍:

‘ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഹരിതയുടെ ആദ്യ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. ഈ പ്രസ്ഥാനത്തില്‍ ഒന്നും ആഗ്രഹിക്കാത്ത ഒരുപാട് പേരുണ്ട്. അവരോടാണ് എനിക്ക് പറയാനുള്ളത്. ഹരിത പാര്‍ട്ടിയ്‌ക്കൊരു തലവേദനയായല്ലോ എന്ന സോഷ്യല്‍ മീഡിയ പരാമര്‍ശം കാണുമ്പോള്‍ വളരെ പ്രയാസമുണ്ട്. ഹരിത പെട്ടെന്ന് ഉണ്ടായ പ്രസ്ഥാനമല്ല.

2012 ലാണ് ഹരിത രൂപം കൊള്ളുന്നത്. ഹരിത രൂപീകരിച്ച ശേഷമാണ് ഫറൂഖ് കോളേജില്‍ ജനറല്‍ സീറ്റില്‍ വിജയിക്കുന്നത്. എം.എസ്.എഫ് നിര്‍ജീവമായിടത്തും ഹരിതയാണ് സംഘടനയെ നയിക്കുന്നത്. മുചുകുന്ന് കോളേജ് ഇതിനുദാഹരണമാണ്.

വാളയാറിലും പാലത്തായിലും നിരന്തര പോരാട്ടങ്ങള്‍ ഹരിതയുടെ നേതൃത്വത്തില്‍ നടത്തി. ഹരിതയിലെ നേതാക്കള്‍ അച്ചടക്കം പാലിച്ചാണ് ഇതുവരെ നിലകൊണ്ടത്. ആരോപണങ്ങള്‍ ഉന്നയിച്ച 10 ഭാരവാഹികളും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളുടെ മുന്നില്‍ ഇതുവരെ അവര്‍ വന്നിട്ടില്ല.

അത്രയും സൂക്ഷ്മതയടെയാണ് ഈ പെണ്‍കുട്ടികള്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയത്. പരാതി, ലീഗിന്റെ സംസ്ഥാന കമ്മിറ്റിയ്ക്കും എം.എസ്.എഫ് ദേശീയ കമ്മിറ്റിയ്ക്കും നല്‍കിയിരുന്നു. എം.എസ്.എഫ് ദേശീയ കമ്മിറ്റി വിഷയത്തില്‍ ഇടപെട്ട് ലീഗിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ലീഗ് നേതാക്കളെ നേരിട്ട് കണ്ടും വിഷയത്തിന്റെ ഗൗരവം അറിയിച്ചു. അത് പ്രകാരം പരാതി പരിശോധിക്കാന്‍ ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെ ഏല്‍പ്പിച്ചുവെന്ന് അറിയിച്ചിരുന്നു.

ഈ വിഷയം വനിത കമ്മീഷനിലേക്കെത്തുന്നത് അവരുടെ പ്രയാസങ്ങള്‍ കൊണ്ടാണ്. പാര്‍ട്ടി വേദിയില്‍ തന്നെയാണ് ആദ്യം പറഞ്ഞത്. അതില്‍ കാലതാമസം നേരിട്ടത് കൊണ്ടാണ് വനിതാ കമ്മീഷനില്‍ എത്തിയത്.

സോഷ്യല്‍ മീഡിയയില്‍ വലിയ അധിക്ഷേപം നേരിടുന്നു. പാര്‍ട്ടി സംവിധാനത്തില്‍ വിശ്വാസമുണ്ട്. ഞങ്ങള്‍ക്കെതിരെ നടക്കുന്ന വ്യക്തിഹത്യയും അധിക്ഷേപവും നിര്‍ത്തണം. ഈ വിഷയത്തില്‍ മാതൃകാപരമായ നടപടി ലീഗ് എടുക്കുമെന്ന് ഉറപ്പുണ്ടെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *