ന്യൂഡല്‍ഹി: ഐടി നിയമത്തിലെ 66എ വകുപ്പ് 2015 മാര്‍ച്ചില്‍ തങ്ങള്‍ റദ്ദാക്കിയതിനു ശേഷവും ഈ വകുപ്പുപയോഗിച്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെതിരേ സുപ്രീം കോടതിയുടെ ഇടപെടല്‍. ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും എല്ലാ ഹൈക്കോടതികളിലെയും രജിസ്ട്രാര്‍ ജനറല്‍മാര്‍ക്കും നോട്ടീസയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. സമഗ്രമായ ഉത്തരവിലൂടെ ഈ പ്രശ്നം എന്നേക്കുമായി അവസാനിപ്പിക്കുമെന്ന പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) എന്ന സംഘടനയുടെ ഹര്‍ജി പരിഗണിച്ച് ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, ബി.ആര്‍. ഗവായി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.അഞ്ചു വര്‍ഷം മുമ്പു റദ്ദാക്കപ്പെട്ടെങ്കിലും പോലീസ് സ്റ്റേഷനുകളിലും വിചാരണക്കോടതികളിലും ഈ വകുപ്പിന്റെ ഉപയോഗം തുടരുകയാണെന്നു പി.യു.സി.എല്‍. പറയുന്നു.




