റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടിമിന്നലില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 68 മരണം

July 12, 2021 - 4:15 pm

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടിമിന്നലില്‍ 68 മരണം. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയ്‌ക്കൊപ്പമുണ്ടായ മിന്നലാണ് വിവിധ സംസ്ഥാനങ്ങളില്‍ ഇത്രയധികം പേരുടെ ജീവനപഹരിച്ചത്. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ ഏഴുപേരുമാണ് മരിച്ചത്. രാജസ്ഥാനിലെ ജയ്പൂരിന് സമീപമുള്ള അമേര്‍ പാലസിലെ വാച്ച് ടവറില്‍ മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് 11 പേരാണ് മരിച്ചത്. 40 മിനിറ്റിനുള്ളില്‍ രണ്ടുതവണയാണ് വാച്ച് ടവറില്‍ ഇടിമിന്നലേറ്റത്. രാജസ്ഥാനിലെ മറ്റിടങ്ങളിലുണ്ടായ ഇടിമിന്നല്‍ അപകടത്തില്‍ 9 പേര്‍കൂടി മരണപ്പെട്ടു. ഇതില്‍ കോട്ട, ധോല്‍പൂര്‍ ജില്ലകളിലെ ഏഴ് കുട്ടികളും ഉള്‍പ്പെടും. ഇതോടെ ആകെ രാജസ്ഥാനിലെ മരണം 20 ആയി. 17 പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ടുണ്ട്. ഇവരെ പൊലിസ്, സംസ്ഥാന ദുരന്ത നിവാരണ സേനാ സംയുക്ത സംഘം ചേർന്ന് ജെയ്പൂരിലെ സേവായ് മാൻ സിങ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്

ഉത്തര്‍പ്രദേശില്‍ 41 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. പ്രയാഗ്രാജിന്റെ ഭാഗങ്ങളില്‍ കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു. കാണ്‍പൂര്‍, ഫത്തേപൂര്‍ എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ വീതം, കൗശമ്പിയില്‍ നാലുപേര്‍, ഫിറോസാബാദില്‍ മൂന്നുപേര്‍, ഉന്നാവോ, ഹാമിര്‍പൂര്‍, സോനാഭദ്ര എന്നിവിടങ്ങളില്‍ ഒരാള്‍ വീതം മരിച്ചു.കാണ്‍പൂര്‍ നഗറില്‍ രണ്ടുപേര്‍ വീതം മരിച്ചു. പ്രതാപ്ഗഡ്, ഹാര്‍ദോയി, മിര്‍സാപൂര്‍ ഓരോരുത്തര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. അതേസമയം, കുറച്ച് ദിവസങ്ങളില്‍കൂടി ഉത്തരേന്ത്യയില്‍ ഇടിമിന്നലും കനത്ത മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുരന്തത്തിനിരയായവർക്ക് അടിയന്തര സഹായം നൽകാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അഞ്ചുലക്ഷം വീതം പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിൽനിന്നാണ് അടിയന്തര സഹായം അനുവദിച്ചിരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *