റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും ഫോറസ്റ്റ് അക്രമം. ആനക്കുഴി ഭാഗത്ത് ആദിവാസി വൃദ്ധന്റെ വീട് തകര്‍ത്തു. കൃഷി നശിപ്പിച്ചു. ചിന്നക്കനാല്‍ ആനക്കുഴി ഭാഗത്ത് പാത്തിക്കക്കുഴിയില്‍ ജോഷ്വയുടെ (70) വീടാണ് തകര്‍ത്തത്. ചുറ്റിലും ഒരേക്കറോളം സ്ഥലത്തെ ഏലം, കുരുമുളക് എന്നീ വിളകളും വെട്ടിനശിപ്പിച്ചു. മലയരയ ആദിവാസി വിഭാഗത്തില്‍ പെട്ട ആളാണ് ജോഷ്വാ

03-07-2021 ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അക്രമം. വൃദ്ധരും സ്ത്രീകളും ആയിരുന്നു അപ്പോള്‍ അവിടെ ഉണ്ടായിരുന്നത്. അവരെ വിരട്ടിയോടിച്ചിട്ടായിരുന്നു വീട് തകര്‍ത്തത്. ചിന്നക്കനാല്‍ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരും വാച്ചര്‍മാരും അടങ്ങുന്ന 11 അംഗ സംഘമാണ് അക്രമം നടത്തിയത്.

ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് അതിലെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്, കൃഷിയും നശിപ്പിച്ച് ഭൂമി പിടിച്ചെടുക്കാന്‍ ശ്രമിച്ചതെന്ന് ജോഷ്വ പറഞ്ഞു. ജോഷ്വായുടെ ഭാര്യ റെയ്ച്ചലിനെ (65) അടിക്കാന്‍ ഓങ്ങി. ഭീഷണിപ്പെടുത്തി ഓടിച്ചു എന്നും അവര്‍ പറഞ്ഞു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ജോഷ്വായുടെ ചെറുമകന്റെ നേരെയും അക്രമമുണ്ടായി എന്നും പറഞ്ഞു. (വീട് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്തയ്‌ക്കൊപ്പം ഉള്ള ലിങ്കില്‍ കാണാം)

ഹൈക്കോടതിയില്‍ 37219/ 2009 നമ്പര്‍ ആയുള്ള കേസില്‍ ഇവിടത്തെ താമസക്കാരായ ആദിവാസികള്‍ തങ്ങള്‍ ഭൂമിയില്‍ ഇല്ലാത്തവരാണെന്നും അഞ്ച് ഏക്കര്‍ വരെ ഭൂമി കൃഷിക്ക് പതിച്ചു നല്‍കാമെന്ന് കേരള സര്‍ക്കാരിനു വേണ്ടി അന്നത്തെ ചീഫ് സെക്രട്ടറി, ജാനു അടക്കമുള്ള ആദിവാസി നേതാക്കള്‍ക്ക് നല്‍കിയ ഉടമ്പടി പാലിച്ചുകൊണ്ട് കൈവശത്തില്‍ ഉള്ള ഒരു ഹെക്ടര്‍ നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കാട്ടാനശല്യം ഉള്ള പ്രദേശമായതിനാല്‍ അനുയോജ്യമായ സ്ഥലത്തേക്ക് ഇവരെ മാറ്റിപ്പാര്‍പ്പിക്കാമെന്നും കൃഷിചെയ്ത് ജീവിക്കുന്നതിന് തടസ്സമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. സര്‍ക്കാര്‍ മറുപടിയെ ഉദ്ധരിച്ച് തടസ്സമില്ലാത്ത താമസവും കൃഷിയും അനുവദിച്ച് കേസില്‍ ഹൈക്കോടതി വിധി പറയുകയായിരുന്നു. 11 വര്‍ഷമായി തുടരുന്ന ജീവിതമാണ് വീട് തകര്‍ത്തും കൃഷി നശിപ്പിച്ചും ഫോറസ്റ്റുകാര്‍ ഇല്ലാതാക്കിയിരിക്കുന്നത്.

ചിന്നക്കനാല്‍ വില്ലേജില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കൃഷിക്കാര്‍ക്ക് നേരെ കഴിഞ്ഞദിവസവും അതിക്രമം കാട്ടിയിരുന്നു. റോഡുകള്‍ക്ക് കുറുകെ കിടങ്ങുകള്‍ കുഴിച്ച് അധികാരം സ്ഥാപിക്കുന്ന വിധം പെരുമാറിയത് പരാതിയും പ്രതിഷേധവും ആയിരിക്കുകയാണ്.

ചിന്നക്കനാലില്‍ റവന്യൂ രേഖകള്‍ പ്രകാരം 25 ഹെക്ടര്‍ മാത്രമാണ് വനം. പട്ടയവും പാട്ടവും ഒഴികെ ബാക്കി കൈവശഭൂമിയാണ്. ചിന്നക്കനാലില്‍ നിന്നുള്ള ഏഴായിരത്തിലേറെ പട്ടയ അപേക്ഷകരില്‍ ഒരാള്‍ക്ക് പോലും വനംവകുപ്പിലെ ഇടപെടലിനെ തുടര്‍ന്ന് പട്ടയം നല്‍കിയിട്ടില്ല. റവന്യൂ രേഖകളില്‍ തരിശുഭൂമി എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഈ ഭൂമി കര്‍ഷകരെയും ആദിവാസികളെയും തള്ളിനീക്കി പിടിച്ചെടുക്കാനാണ് വനംവകുപ്പിന്റെ നീക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *