സൗദിയില്‍ പളളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിയന്ത്രണം

റിയാദ്‌: സൗദിയില്‍ പളളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഇസ്ലാമിക കാര്യ മന്ത്രി ശൈക്ക്‌ ഡോ. അബ്ദുല്‍ ലത്തീഫ്‌ ബിന്‍ അബ്ദുല്‍ അസീസ്‌ അല്‍ശൈഖിന്റെ സര്‍ക്കുലര്‍. പളളിയുടെ പുറത്തേക്ക്‌ ശബ്ദം കേള്‍ക്കുന്ന ഉച്ചഭാഷിണിയുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്തണമെന്നാണ്‌ നിര്‍ദ്ദേശം. മതകാര്യ മന്ത്രാലയത്തിന്റെ എല്ലാ ശാഖകള്‍ക്കും സര്‍ക്കുലര്‍ കൈമാറിയിട്ടുണ്ട്‌.

ലൗഡ്‌ സ്‌പീക്കറുകളുടെ പരമാവധി ശബ്ദത്തിന്റെ മൂന്നിലൊന്നുമാത്രമായി ശബ്ദം ക്രമീകരിക്കണമെന്നാണ്‌ അറിയിപ്പില്‍ പറയുന്നത്‌. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട് . ക്രമാതീതമായ ശബ്‌ദം പുറപ്പെടുവിക്കുന്നത്‌ പളളികള്‍ക്കു സമീപമുളള വീടുകളിലെ രോഗികള്‍, പ്രായമായവര്‍ കുട്ടികള്‍ എന്നിവരെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ നിയന്ത്രണം.

മാത്രമല്ല പുറത്തേക്കുകൂടി ശബ്‌ദം വകരുമ്പോള്‍ ശബ്ദങ്ങള്‍ ഇടകലര്‍ന്ന്‌ ഇമാമുമാരുടെ പാരായണം അവ്യക്തമാവുകയും ചെയ്യും. നമസ്‌കാരത്തില്‍ ഉറക്കെ പാരായണം ചെയ്‌ത്‌ മറ്റുളളവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കരുതെന്ന നബി വചനം കൂടി അടിസ്ഥാനരപ്പെടുത്തിയാണ്‌ സര്‍ക്കുലര്‍. ശരിഅത്ത്‌ നിയമപ്രകാരം ഇമാമിന്റെ ശബ്‌ദം പളളിക്ക്‌ പുറത്തേക്ക്‌ കേള്‍ക്കണമെന്നില്ലെന്നും ആരും ശ്രദ്ധിക്കാതെ ലൗഡ്‌സ്‌പീക്കറിലൂടെ ഖുറാന്‍ പാരായണം കേള്‍പ്പിക്കുന്നത്‌ ഖുര്‍ആനോടുളള അനാദരവാണെന്നും സര്‍ക്കുലറില്‍ പറയുന്നു. വിവിധ ഫത്വവകളുടെ കൂടി അടിസ്ഥാനത്തിലാണ്‌ ഇത്തരം ഒരു സര്‍ക്കുലറെന്നും മതകാര്യ മന്ത്രി അഭിപ്രായപ്പെട്ടു.

Share
അഭിപ്രായം എഴുതാം