തിരുവനന്തപുരം: അതിതീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി തിരുവനന്തപുരത്തിന്റെ തീരമേഖലകളിൽ ശക്തമായ കടലാക്രമണം. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, പൊഴിയൂർ, പൂന്തുറ ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്.
14/05/21 വെളളിയാഴ്ച കടലാക്രമണത്തെ തുടർന്ന് തെക്കേ കൊല്ലംകോടിലെ അതിർത്തി റോഡ് തകർന്നു. തമിഴ്നാട് അതിർത്തിയായ നീരോടി റോഡാണ് തകർന്നത്. ഇതോടെ തീരദേശം വഴിയുള്ള ഗതാഗതം സ്തംഭിച്ചു. റോഡിനു വടക്കുഭാഗത്തുള്ള 38 കടുംബങ്ങളെ പൊഴിയൂർ ഗവണ്മെന്റ് യുപി സ്കൂളിലും സെന്റ് മാത്യൂസ് ഹൈസ്കൂളിലും മാറ്റി പാർപ്പിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ കടൽഷോഭത്തിൽ 15-ൽപരം വീടുകൾ തകർന്നിരുന്നു. താമസക്കാരെ ക്യാമ്പിലേക്കു മാറ്റിയിരുന്നു. തമിഴ്നാട് തീരത്ത് പുലിമുട്ട് സ്ഥാപിച്ചതാണ് കേരള തീരത്ത് കടൽ കയറാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അഞ്ചുതെങ്ങ് -മുതലപ്പൊഴി മേഖലകളിലും തീവ്രമായ കടൽക്ഷോഭമാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതൽ ആരംഭിച്ച കടലാക്രമണം ഉച്ചയോടെ രൂക്ഷമായി. നിരവധി വീടുകളിൽ വെള്ളം കയറി. നൂറുകണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളുകളെ ബന്ധുവീടുകളിലേക്കും സ്കൂളുകളിലേക്കും മാറ്റിപാർപ്പിക്കുകയാണ്. പ്രദേശത്തെ സ്ഥിതി ഗുരുതരമായി തുടരുന്നു.



