72 ലക്ഷത്തിലധികം ഡോസ് കോവിഡ് വാക്‌സിനുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ കെട്ടിക്കിടക്കുന്നതായി കേന്ദ്രം

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം കോവിഡ് വാക്‌സിന്റെ 72 ലക്ഷത്തിലധികം ഡോസുകള്‍ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. അടുത്ത മൂന്നുദിവസത്തിനുളളില്‍ 46 ലക്ഷത്തിലധികം ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാവുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.കേന്ദ്രസര്‍ക്കാര്‍ ഇതുവരെ 17,56,20,810 കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി സൗജന്യമായി നല്‍കി. ഇതില്‍ പാഴാക്കിയ ഡോസുകള്‍ ഉള്‍പ്പടെ 16,83,78,796 ഡോസുകളാണ് ആകെ ഉപയോഗിച്ചതെന്നാണ് കണക്കുകള്‍.

72 ലക്ഷത്തിലധികം ഡോസുകള്‍ ഇപ്പോഴും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി കെട്ടിക്കിടക്കുകയാണ്.കേരളം അടക്കമുളള സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ച് പരാതി ഉന്നയിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കേരളം ആവശ്യപ്പെട്ട വാക്‌സിന്‍ എന്ന് ലഭ്യമാക്കാനാവുമെന്ന് അറിയിക്കണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് എന്തെങ്കിലും പ്രത്യേക പരിഗണന നല്‍കണമെന്നല്ല ആവശ്യപ്പെടുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ കേന്ദ്രങ്ങളിലെ അനിയന്ത്രിതമായ തെരക്ക് കണക്കിലെടുത്ത് കോടതി സ്വമേധയാ കേസ് പരിഗണിക്കവെയായിരുന്നു ഇത്.

Share
അഭിപ്രായം എഴുതാം