റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് പ്രതിരോധം; ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ 16 ആംബുലന്‍സ് സര്‍വീസുകള്‍ക്ക് തുടക്കമായി

May 5, 2021 - 8:38 pm

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ആരംഭിക്കുന്ന 16 ആംബുലന്‍സ് വാഹനങ്ങളുടെ ഫ്‌ലാഗ്ഓഫ് ജില്ലാപഞ്ചായത്ത് അങ്കണത്തില്‍ നടന്നു. എ എം ആരിഫ് എംപി ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ച ചടങ്ങില്‍ നിയുക്ത എം.എല്‍.എ മാരായ എച്ച് സലാം , പി പി ചിത്തരഞ്ജന്‍ എന്നിവര്‍ സംബന്ധിച്ചു. കൊവിഡ് പ്രതിരോധത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് അതിവിശാലമായ പ്രവര്‍ത്തന മേഖലയാണ് ഉള്ളതെന്ന് ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചുകൊണ്ട് എംപി പറഞ്ഞു. ഹെല്‍പ്പ് ഡെസ്‌ക് കളും ടെലിമെഡിസിന്‍ സൗകര്യങ്ങളും ജില്ലാ പഞ്ചായത്തും വിവിധ പഞ്ചായത്തുകളും ഇതിനകം തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ വഴി മാത്രമേ കോവിഡ് വ്യാപനം തടയാന്‍ കഴിയൂ എന്ന് എംപി പറഞ്ഞു. ചടങ്ങില്‍ പി.പി.ചിത്തരഞ്ജന്‍, എച്ച് സലാം എന്നിവരെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും കോവിഡ് പ്രതിരോധത്തിന് ഏറെ പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചു വരികയാണെന്ന് കെ ജി രാജേശ്വരി പറഞ്ഞു. നിലവിലുള്ള 16 ആംബുലന്‍സുകള്‍ 12 ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയില്‍ നല്‍കും. കൂടാതെ ജില്ലാ പഞ്ചായത്ത് ഹെല്‍പ്പ് ഡെസ്‌ക്കിനോട് ചേര്‍ന്ന് മൂന്ന് ആംബുലന്‍സുകളും പ്രവര്‍ത്തിക്കും. പത്തുലക്ഷം രൂപയുടെ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് ഇതിന് കണ്ടെത്തിയത്. കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി പണം വിനിയോഗിച്ചു കൊണ്ട് തങ്ങളുടെ പരിധിയിലുള്ള സംവിധാനങ്ങളിലെ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും കുറവ് പരിഹരിക്കാന്‍ നിയമനം ഉള്‍പ്പെടെയുള്ളവ നടത്തുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം നിയമനങ്ങള്‍ നടത്തിയശേഷം ജില്ലാ ആസൂത്രണ സമിതിയുടെ പദ്ധതിക്കുള്ള അംഗീകാരം പിന്നീട് നേടിയെടുത്താല്‍ മതി എന്നുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുള്ളതായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എം വി പ്രിയ, ടി എസ് താഹ, വത്സലടീച്ചര്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ആര്‍.റിയാസ്, പി.അഞ്ജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആര്‍ ദേവദാസ്, ആര്‍ടിഒ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *