പനങ്ങാട്: ലഹരി മരുന്നിന് അടിമയായ യുവാവിന്റെ ആക്രമണത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്ക് പറ്റി. തുടര്‍ന്ന് ഉദയത്തുംവാതിലില്‍ കണ്ണങ്ങേഴത്ത് അനന്തു(30) പോലീസ് പിടി.യിലായി. മൊബൈല്‍ ചാര്‍ജര്‍ കൊടുക്കാത്തതിനെ തുടര്‍ന്ന് അക്രമാസക്തനായ യുവാവ് വീട് .ബൈക്ക്, കാറുകള്‍, എന്നിവ തല്ലി തകര്‍ത്തു. 28.4.2021 ബുധനാഴ്ച പുലര്‍ച്ചെ അക്രമം നടത്തി വളളവുമായി കടന്ന അനന്ദു വ്യാഴാഴ്ച തിരിച്ചെത്തി അയല്‍വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു.
വിവരം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉച്ചക്ക് 12.30 മണിയോടെ പനങ്ങാട് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എംആര്‍ സുരേഷ് ,പ്രിന്‍സിപ്പല്‍ എസ്‌ഐ. റെജിരാജ്, എഎസ്‌ഐ ഷാജികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 4 വണ്ടി പോലീസ് എത്തി വീട് വളഞ്ഞതിനെ തുടര്‍ന്ന് വീടിന്റെ ടെറസിലേക്ക് ഓടിക്കയറിയ അനന്ദു ഇഷ്ടിക കൊണ്ട് പോലീസിനെ എറിയുകയായിരുന്നു. തുടര്‍ന്ന് കല്ലും ഇരുമ്പ് വടിയും ഉപയോഗിച്ച് പോലീസില്‍ നിന്ന് രക്ഷപെടാനുളള ഇയാളുടെ ശ്രമത്തിനിടയിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രമോദ്(45), സിബി(40) വിനീത് വിദ്യാധരന്‍ (38), ഷിജുമോന്‍(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കുകളേറ്റ മറ്റുപോലീസുകാര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി .
അടുത്തെത്തി അക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ച സിപിഒ വിനീത് വിദ്യാധരന്‍റെ വലതുകൈ പിടിച്ച് തിരിച്ച് ചെറുവിരല്‍ ഒടിച്ചു. കണ്‍ട്രോള്‍ റും വാഹനത്തിലെ ഷിജുമോനെ ഇരുമ്പ് വടികൊണ്ടടിച്ചു. അവസാനം ഇയാളെ പിടികൂടിയെങ്കിലും പോലീസ് വാഹനത്തില്‍നിന്നും ഇറങ്ങി രക്ഷപെടാന്‍ ശ്രമിച്ച അനന്ദുവിനെ കയ്യുംകാലും ബന്ധിച്ചാണ് സ്‌റ്റേഷനിലേക്ക് മാറ്റിയത്.
വൈദ്യപരിശോധനക്കെത്തിച്ചപ്പോഴും ഇയാള്‍ അക്രമം കാട്ടുകയുണ്ടായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 10 ദിവസത്തെ കോവിഡ് നിരീക്ഷണത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ലഹരി മരുന്നിന് അടിമയായ അനന്ദു മനോവൈകല്യത്തിന് മരുന്ന് കഴിക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു.



