റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അവസാന നിമിഷം രാഹുൽ ഗാന്ധി നേമത്തെത്തി, കേരളമെന്ന ആശയത്തെയാണ് കെ.മുരളീധരന്‍ പ്രതിനിധീകരിക്കുന്നതെന്ന് രാഹുൽ

April 4, 2021 - 9:44 pm

തിരുവനന്തപുരം: പരസ്യ പ്രചരണം അവസാനിക്കുന്നതിന് തൊട്ടു മുൻപ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കെ മുരളീധരന് വോട്ടു തേടി നേമത്തെത്തി. വരണമെന്ന് താന്‍ അതിയായി ആഗ്രഹിച്ചിരുന്നത് കെ മുരളീധരന് വേണ്ടിയായിരുന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളമെന്ന ആശയത്തെയാണ് മുരളീധരന്‍ പ്രതിനിധീകരിക്കുന്നത്. വിദ്വേഷത്തിനും വിഭജനത്തിനും എതിരെയാണ് മുരളീധരന്റെ പോരാട്ടമെന്നും രാഹുല്‍ പറഞ്ഞു.

04/04/21 ഞായറാഴ്ച വൈകിട്ട് ഹെലിപാഡില്‍ നിന്നും ഓട്ടോറിക്ഷയിലാണ് രാഹുല്‍ പൂജപ്പുരയിലെ വേദിയിലേക്കെത്തിയത്.

‘ ആരുടെയൊക്കെ പ്രചരണത്തിന് പോകണമെന്ന ലിസ്റ്റ് എനിക്ക് കിട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞത്, ഒരാളുണ്ട്, അയാളുടെ പ്രചരണത്തിന് ഞാന്‍ പോയിരിക്കും എന്നാണ്. അത് ഈ മനുഷ്യന് വേണ്ടിയാണ്. നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. അദ്ദേഹം കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ത്ഥി മാത്രമല്ല. അദ്ദേഹം കേരളമെന്ന ആശയത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഒരു രോഗിയെ രക്ഷിക്കാന്‍ പോകുന്ന നേഴ്‌സിന്റെ ചിന്താഗതിയുള്ള ആളാണ് ഇദ്ദേഹം. മറ്റൊരു മനുഷ്യന്റെ വേദന മനസിലാക്കാന്‍ കഴിയുന്ന ചിന്താഗതിയുള്ള ആള്‍. അതുകൊണ്ടാണ് ഇതൊരു ധാര്‍മ്മികതയാണെന്ന് പറയുന്നത്. മറ്റ് മനുഷ്യരുടെ വേദന മനസിലാക്കുക എന്നാണ് എല്ലാ മതങ്ങളും പറയുന്നത്. അദ്ദേഹം രണ്ട് രാഷ്ട്രീയ സംഘടനകളെയല്ല എതിര്‍ക്കുന്നത്. വിദ്വേഷത്തിനും വിഭജനത്തിനും എതിരെയാണ് അദ്ദേഹത്തിന്റെ പോരാട്ടം. കേരളത്തില്‍ അദ്ദേഹം ഒരിക്കലും പരാജയപ്പെടാന്‍ പോവുന്നില്ല’, രാഹുല്‍ പറഞ്ഞു.

പ്രസംഗത്തിലുടനീളം കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെയും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് രാഹുല്‍ ഗാന്ധി നടത്തിയത്. ജനങ്ങളെ വിഭജിക്കുന്നതിലും വിദ്വേഷം പടര്‍ത്തുന്നതിലും ഇരു സര്‍ക്കാരുകളും പാര്‍ട്ടികളും ഒരേ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *