റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലൗ ജിഹാദ് : ജോസ് കെ മാണിയുടെ പ്രസ്താവനയിൽ വെട്ടിലായി ഇടതു മുന്നണി, പ്രസ്താവന താൻ കേട്ടിട്ടില്ലെന്ന് പിണറായി, തള്ളിപ്പറഞ്ഞ് കാനം, സ്വാഗതം ചെയ്ത് കെസിബിസി

March 29, 2021 - 2:58 pm

കണ്ണൂര്‍: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി ‘ലൗ ജിഹാദ്’ വിഷയത്തിൽ നടത്തിയ പ്രസ്താവനയിൽ അക്ഷരാർത്ഥത്തിൽ വെട്ടിലായത് ഇടതുമുന്നണി. എല്ലാ വിഭാഗങ്ങളെയും കൂടെ കൂട്ടാൻ ശ്രമിക്കുന്ന മുന്നണി നേതൃത്വത്തിന് ജോസിനെ തളളാനും കൊള്ളാനും പറ്റാത്ത നിലയാണ്.

പ്രസ്താവനയെ കുറിച്ച് ഏറെ കരുതലോടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം. ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അദ്ദേഹം അങ്ങനെ പറഞ്ഞത് താന്‍ കേട്ടിട്ടില്ല. അക്കാര്യത്തെ കുറിച്ച് ജോസ് കെ മാണിയോടു തന്നെ ചോദിക്കണമെന്നും 29/03/21 തിങ്കളാഴ്ച പിണറായി കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, വിഷയത്തിൽ ജോസ് കെ മാണിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത് വന്നു. മതമൗലിക വാദികളുടെ പ്രചാരണമാണ് ലൗ ജിഹാദെന്നും കാനം പറഞ്ഞു. പ്രകടന പത്രികയിലെ കാര്യങ്ങളാണ് ഘടകകക്ഷികൾ പ്രചരിപ്പിക്കേണ്ടത്. അല്ലാത്തവ ആ പാർട്ടിയുടെ മാത്രം അഭിപ്രായമാണ്. ലൗ ജിഹാദ് തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും കാനം പ്രതികരിച്ചു.

കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയും പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ജോസ് കെ മാണി 28/03/21 ഞായറാഴ്ച ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയായത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. അതേ സമയം ,ജോസ് കെ മാണിയെ പിൻതുണച്ച് കെസിബിസി രംഗത്തു വന്നു.
വിഷയത്തിൽ സി പി എം നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *