കാസര്‍കോട് : കാസര്‍കോട് ചെറുവത്തൂരില്‍ അച്ഛന്‍ രണ്ടുമക്കളെ കൊന്നത് കഴുത്തില്‍ കയര്‍ മുറുക്കിയാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. 2021 മാര്‍ച്ച് 16ന് ചൊവ്വാഴ്ചയായിരുന്നു സംഭവം. ഭാര്യയോടുളള അകല്‍ച്ചയും കുടുംബ കലഹവുമാണ് 10 വയസുകാരി വൈദേഹിയേയും ആറുവയസുകാരന്‍ ശിവനന്ദിനേയും കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങി മരിച്ച സംഭവത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. ശ്വാസം മുട്ടിയാണ് കുട്ടികളുടെ മരണമെന്നും കഴുത്തില്‍ കയര്‍ മുറുക്കിയതിന്റെ പാടുകള്‍ ഉണ്ടെന്നും മറ്റുപരിക്കുകള്‍ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റ് മോര്‍ട്ടം.
കുട്ടികളുടെ മൃതദേഹങ്ങള്‍ വീടിനകത്ത് തറയിലും അച്ഛന്‍ രുകേഷിന്‍റേത് ടെറസില്‍ നിന്ന് തൂങ്ങിയ നിലയിലുമായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു രുകേഷ് . കുട്ടികളും അമ്മയോടൊപ്പമായിരുന്നു. ഒരാഴ്ച മുമ്പാണ് കുട്ടികളെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. ചൊവ്വാഴ്ച വൈകിട്ട് മക്കളിലൊരാളുടെ ജന്മദിനം ആഘോഷിച്ചശേഷം നിര്‍മ്മാണത്തിലിരുന്ന വീട്ടിലേക്ക് കൊണ്ടുവന്ന ശേഷമായിരുന്നു ക്രൂരകൃത്യം നടത്തിയത്. രുകേഷ് ഒരു സ്ഥിരം മദ്യപാനിയായിരുന്നെന്നും മക്കളേയും കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് നിരന്തരം പറഞ്ഞിരുന്നതായും സുഹൃത്തുക്കള്‍ മൊഴി നല്‍കി. ഭാര്യയുടെ മൊഴിയെടുത്തിട്ടില്ല. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പോലീസ് പറഞ്ഞു.



