കോട്ടയം : ഇതുവരെ പുറത്താരുമറിയാത്ത കെ.എം. മാണിയുടെ അവസാന ആഗ്രഹത്തെക്കുറിച്ചും തുടര്‍ന്നു പാലാ ടൗണിലൂടെ അന്നു നടത്തിയ യാത്രയെക്കുറിച്ചും വൈകാരികമായി വിവരിച്ച മകന്‍ ജോസ് കെ. മാണിയുടെ പ്രസംഗം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. പ്രസംഗത്തിനിടെ ജോസ് കെ മാണി പലപ്പൊഴും ഗദ്‌ഗദകണ്‌ഠനായി, മിഴികള്‍ നിറഞ്ഞുതുളുമ്പി. കെ.എം. മാണിയുടെ 88-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പാലായില്‍ സംഘടിപ്പിച്ച “ഹൃദയത്തില്‍ മാണി സാര്‍” എന്ന പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനമായിരുന്നു വേദി.
“ആ അര്‍ധരാത്രിയില്‍ അച്ചാച്ചന്‍ അവസാനമായി ഒരിക്കല്‍ക്കൂടി പാലാ നഗരം കണ്‍കുളിര്‍ക്കെ കണ്ടു. ഇനിയൊരിക്കലും ജീവനോടെ പാലായെ കാണാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിനു മനസിലായിരുന്നിരിക്കണം. അച്ചാച്ചന്റെ അന്ത്യാഭിലാഷമായിരുന്നു ആ യാത്രയെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.” ജോസ് കെ മാണി പറഞ്ഞു.
“രോഗബാധിതനായ അച്ചാച്ചനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇടയ്‌ക്കിടെ കൊണ്ടുപോകുമായിരുന്നു. ക്ഷീണം അല്‍പ്പം കുറയുമ്പോള്‍ പാലായ്‌ക്കു മടങ്ങും. ഇതായിരുന്നു പതിവ്. ഇക്കാര്യം മിക്കവര്‍ക്കും അറിയില്ലായിരുന്നു. ഒരിക്കല്‍ ആരോഗ്യനില തീരെ വഷളായി ആശുപത്രിയിലെത്തിച്ചു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ നേരിയൊരു പുരോഗതി കണ്ടു. എന്നെ വിളിച്ചുമാറ്റി നിര്‍ത്തി അച്ചാച്ചന്‍ പറഞ്ഞു; എനിക്ക് അത്യാവശ്യമായി പാലായ്‌ക്കു പോകണം.
ഡോക്‌ടര്‍മാര്‍ യാത്ര കര്‍ശനമായി വിലക്കി. പാലായ്‌ക്കു പോയിട്ട് ഉടന്‍ മടങ്ങിവരാമെന്ന അച്ചാച്ചന്റെ നിര്‍ബന്ധത്തിന് ഒടുവില്‍ ഡോക്‌ടര്‍മാര്‍ വഴങ്ങി. സന്ധ്യയോടെ പാലായിലെത്തി. വീട്ടില്‍ വന്നതറിഞ്ഞ് അച്ചാച്ചനെ കാണാനും മറ്റും ആളുകളെത്തി. അവരെല്ലാം മടങ്ങിയപ്പോള്‍ രാത്രിയേറെയായി. അപ്പോള്‍ അച്ചാച്ചന്‍ എന്നോടു പറഞ്ഞു, നീ കാറെടുക്ക്, നമുക്കു പാലാ ടൗണ്‍ ഒന്നു ചുറ്റണം. പേഴ്‌സണല്‍ സ്‌റ്റാഫ് പോലുമറിയാതെ ഞാനും അച്ചാച്ചനും മാത്രമായി കാറില്‍ പാലാ ടൗണ്‍ ചുറ്റി. തിരികെ പോരാന്‍നേരം പാലാ കുരിശുപള്ളിക്കു മുന്നില്‍ കാര്‍ നിര്‍ത്താന്‍ പറഞ്ഞു. വണ്ടിയില്‍നിന്ന് പുറത്തിറങ്ങാന്‍പോലും ആരോഗ്യമില്ലാതിരുന്ന അച്ചാച്ചന്‍ കാറിലിരുന്നുതന്നെ രണ്ടു മിനിറ്റ് പ്രാര്‍ഥിച്ചു വീട്ടിലേക്കു മടങ്ങി. പിറ്റേന്ന് ആശുപത്രിയിലേക്കു പോയി. പിന്നീടു ജീവനോടെ അദ്ദേഹം പാലായിലേക്കു വന്നില്ല. അന്നു രാത്രി പാലാ നഗരം ചുറ്റാന്‍ തന്നെ അദ്ദേഹം നിര്‍ബന്ധിച്ചത്, തന്റെ പ്രിയപ്പെട്ട പാലാ നഗരത്തെ ഇനി ഒരിക്കലും കാണാന്‍ കഴിയില്ലെന്നറിഞ്ഞുകൊണ്ടുതന്നെയായിരിക്കണം. പാലായാണ് തന്റെ ജീവിതവും ലോകവുമെന്ന് അച്ചാച്ചന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അടിമുടി സ്‌നേഹത്തിന്റെ രാഷ്‌ട്രീയമായിരുന്നു അച്ചാച്ചന്റേത്. ആ വഴിയെ പോകാനാണ് ഞാനും ശ്രമിക്കുന്നത്. എന്തെല്ലാം ആക്ഷേപിച്ചാലും ആരോപണമുന്നയിച്ചാലും അവരെ വ്യക്‌തിപരമായി വേദനിപ്പിക്കാന്‍ പാടില്ലെന്ന ഉപദേശമാണ് അച്ചാച്ചന്‍ എനിക്ക് തന്നിട്ടുള്ളത്. പൊതുജീവിതത്തില്‍ അങ്ങേയറ്റം വരെ ഞാനതു പാലിക്കുകയും ചെയ്യും”-ജോസ് പറഞ്ഞു. വികാരനിര്‍ഭരമായ ഈ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.



