സര്‍ക്കാര്‍ ഓഫീസുകളിലെ ഹരിത ഓഡിറ്റിന് തുടക്കം

തിരുവനന്തപുരം : സര്‍ക്കാര്‍ ആഫീസുകളിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രീന്‍ ആഫീസ് സര്‍ട്ടിഫിക്കേഷനും ഗ്രേഡും നല്കുന്നതിന്റെ ഭാഗമായി ഹരിത ഓഡിറ്റിന് സംസ്ഥാനത്ത് തുടക്കമായി. പബ്ലിക് ആഫീസ് കോമ്പൗണ്ടിലെ  പഞ്ചായത്ത് ഡയറക്ടറേറ്റില്‍ മേയര്‍ ആര്യ രാജേന്ദ്രനും സംഘവും നേരിട്ടെത്തിയാണ് ഓഡിറ്റ് നടത്തിയത്. ശുചിത്വവുമായി ബന്ധപ്പെട്ട പരിശോധനയില്‍ മേയറുടെ ചോദ്യങ്ങള്‍ക്ക്  പഞ്ചായത്ത് ഡയറക്ടര്‍ ഡോ.പി.കെ. ജയശ്രീ  മറുപടി നല്‍കി.   ഹരിത ചട്ടങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസാണ് പഞ്ചായത്ത് ഡയറക്ടറേറ്റെന്നും മറ്റ് ഓഫീസുകള്‍ക്ക് മാതൃകയാണെന്നും മേയര്‍ അഭിപ്രായപ്പെട്ടു.

പേപ്പറിലും പ്ലാസ്റ്റിക്കിലും തെര്‍മോകോളിലും നിര്‍മ്മിതമായതുള്‍പ്പെടെയുള്ള  ഡിസ്‌പോസിബിള്‍  വസ്തുക്കളുടെയും നിരോധിത പ്ലാസ്റ്റിക് ഉല്പ്പന്നങ്ങളുടെയും ഉപയോഗനിരോധനം, ഓഫീസില്‍ സ്ഥിര ഉപയോഗത്തിനായി കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍, ജൈവഅജൈവ പാഴ്‌വസ്തുക്കള്‍ തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള പ്രത്യേകം ബിന്നുകള്‍, ജീവനക്കാര്‍ ബിന്നുകളില്‍ മാലിന്യം തരംതിരിച്ചു നിക്ഷേപിക്കുന്നുണ്ടോ, ജൈവ മാലിന്യം സംസ്‌കരിക്കുന്നതിന് കമ്പോസ്റ്റ്/ബയോഗ്യാസ് ഉപാധികള്‍ സ്ഥാപിച്ചിട്ടുണ്ടോ,  കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങളില്‍ ഭക്ഷണവും വെള്ളവും കൊണ്ടുവരുന്ന ജീവനക്കാരുടെ എണ്ണം,  അജൈവ പാഴ്വസ്തുക്കള്‍ തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള സംവിധാനം,  ഇമാലിന്യം, ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ നീക്കം ചെയ്യുന്നതിനും ദ്രവമാലിന്യ സംസ്‌കരണത്തിനുമുള്ള  സംവിധാനം, ശുചിമുറി സംവിധാനങ്ങള്‍,  ഓഫീസ് നിര്‍ദ്ദേശക ബോര്‍ഡുകള്‍, ജൈവ പച്ചക്കറിത്തോട്ടം, പൂന്തോട്ടം ഇവയുടെ പരിപാലനം എന്നിവയാണ് ഓഡിറ്റിന് വിധേയമാക്കിയത്.

ഹരിത ഓഡിറ്റിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് ഡയറക്ടര്‍ ഡോ.പി.കെ.ജയശ്രീ, അഡീഷണല്‍ ഡയറക്ടര്‍ എം.പി അജിത് കുമാര്‍, അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് ജി. ഹരികൃഷ്ണന്‍, ഹരിതകേരളം മിഷന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഹരികുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →