തിരുവനന്തപുരം : സംസ്ഥാനത്ത് അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിലൂടെ (അസാപ്) തൊഴില്‍ നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കിയത് രണ്ടു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍. ഉന്നത വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ നൈപുണ്യവും ലഭ്യമാക്കുന്നതിന് വിവിധ ജില്ലകളിലായി നടന്ന പരിശീലന പരിപാടിയിലൂടെയാണ് ഇത്രയും പേര്‍ തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ഗവ/എയ്ഡഡ് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ആര്‍ട്‌സ്‌സയന്‍സ് കോളേജുകള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചു വരുന്ന 121 സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയത്. ഇതിനു പുറമേ 66 എന്‍ജിനിയറിങ് കോളേജുകള്‍, 45 പോളിടെക്‌നിക്കുകള്‍ എന്നിവിടങ്ങളിലും പദ്ധതി നടപ്പിലാക്കി. നൈപുണ്യവികസനവും ആത്മവിശ്വാസവും നേടാനും, ജോലി സാധ്യത വര്‍ധിപ്പിക്കാനും സാധിച്ചതായി പരിശീലനം നേടിയ രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.
എന്‍ജിനിയറിങ്, പോളിടെക്‌നിക് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നൂതന സാങ്കേതിക വിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നതിനായി അഡ്വാന്‍സ്ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളും അസാപിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ തൊഴില്‍ മേഖലാ സാഹചര്യങ്ങളും, നിലവിലെ എന്‍ജിനിയറിങ് വിദ്യാഭ്യാസ രീതിയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന്റെ ഭാഗമായി, പ്രസക്തിയേറുന്ന തൊഴിലുകള്‍ കണ്ടെത്തി പരിശീലിപ്പിക്കാന്‍ ആവശ്യമായ പാഠ്യപദ്ധതികള്‍ വ്യവസായമേഖലയുടെ കൂടി സഹായത്തോടെ വികസിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്തെ 45 സര്‍ക്കാര്‍ പോളിടെക്‌നിക്കുകളിലായി ആറര കോടിയോളം രൂപ ചെലവില്‍ ഫാബ് ലാബ്, റോബോട്ടിക് കിറ്റ് തുടങ്ങിയ നൂതന സാങ്കേതിക ഉപകരണങ്ങള്‍ അടങ്ങിയ വ്യവസായ ലാബുകള്‍ ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ മാതൃകകളിലെ പരിശീലനവും, ഇന്റേണ്‍ഷിപ്പും നല്‍കുന്നതിലൂടെ അഡ്വാന്‍സ്ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളെ ഭാവിയില്‍ മിനി ഇന്‍ഡസ്ട്രി ആയി വളര്‍ത്തിയെടുക്കാനും പഠനത്തിനൊപ്പം വരുമാനവും എന്ന ആശയം പ്രോത്സാഹിപ്പിക്കാനും അസാപ് ലക്ഷ്യമിടുന്നു.