പക്ഷിപ്പനിക്കെതിരേ ജാഗ്രത പാലിക്കണം: ഡിഎംഒ

കണ്ണൂര്‍ : സംസ്ഥാനത്ത് ചിലയിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍  ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.

പക്ഷിപ്പനി എന്നറിയപ്പെടുന്ന ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ ഒരു വൈറസ് രോഗമാണ്. ഇത് ഇന്‍ഫ്‌ലുവന്‍സ എ വൈറസ് സബ് ടൈപ്പ് എച്ച്5എന്‍8 മൂലമാണ് ഉണ്ടാകുന്നത്. സാധാരണയായി പക്ഷികളിലാണ് രോഗം കണ്ടുവരുന്നതെങ്കിലും ചില സാഹചര്യങ്ങളില്‍ മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ളതിനാല്‍ പക്ഷികളുമായി ഇടപെടുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. വളര്‍ത്തു പക്ഷികളിലും ദേശാടനപ്പക്ഷികള്‍ ഉള്‍പ്പെടെയുള്ള മറ്റു പക്ഷികളിലും ഈ വൈറസ് ബാധ ഉണ്ടായേക്കാം. രോഗം ബാധിച്ച പക്ഷികളുടെ ഉമിനീര്‍, ശരീര സ്രവങ്ങള്‍, കാഷ്ടം എന്നിവയിലുള്ള വൈറസുകള്‍ ഇവയുമായുള്ള സമ്പര്‍ക്കത്തിലൂടെ മനുഷ്യരിലേക്ക് പകര്‍ന്ന് രോഗം ഉണ്ടാകുകയാണ് ചെയ്യുന്നത്. സാധാരണയായി  കൈകളില്‍ നിന്ന് കണ്ണ്, മൂക്ക്, വായ എന്നിവ സ്പര്‍ശിക്കുന്നതിലൂടെ രോഗാണു അകത്തേക്ക് പ്രവേശിക്കുകയും രോഗസംക്രമണം നടക്കുകയുമാണ് ചെയ്യുന്നത്. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, കണ്ണുകളുടെ ചുവപ്പ്, ശ്വാസതടസ്സം, വയറിളക്കം, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍, പ്രായം കൂടിയവര്‍ , രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ പക്ഷിപ്പനി അപകടസാധ്യത വര്‍ധിപ്പിക്കും. രോഗം ഗുരുതരമായാല്‍ ശ്വാസകോശ അണുബാധയ്ക്കും ന്യൂമോണിയയ്ക്കും  കാരണമായേക്കും. ശ്വസന വ്യവസ്ഥയ്ക്കും രക്തചംക്രമണ  വ്യവസ്ഥയ്ക്കും ഗുരുതരമായ തകരാറുകള്‍ സംഭവിക്കുന്ന സാഹചര്യങ്ങളില്‍ മരണം വരെ സംഭവിക്കാനിടയുണ്ട്. അതിനാല്‍

പക്ഷികളുമായി അടുത്തിടപഴകുന്നവര്‍, പൗള്‍ട്രി കര്‍ഷകര്‍, ഫാം തൊഴിലാളികള്‍ എന്നിവര്‍ പക്ഷിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണം. പക്ഷികളുടെ മാംസം, മുട്ട  എന്നിവ കൈകാര്യം ചെയ്തുകഴിഞ്ഞാല്‍ കൈകള്‍ അരമിനിട്ട്  നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. മാംസം, മുട്ട എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. മാംസം മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി, പലക എന്നിവ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് അണുവിമുക്തമാക്കി വെക്കുക.

മാംസവും മുട്ടയും  പാചകം ചെയ്ത ഉടനെ കഴിക്കുക. വളര്‍ത്തുപക്ഷികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ശ്രദ്ധയില്‍  പെടുകയോ അസ്വാഭാവികമായി ചാവുകയോ ചെയ്താല്‍ അടുത്തുള്ള മൃഗഡോക്ടറേയോ  ആരോഗ്യ വകുപ്പിനെയോ അറിയിക്കണം.

രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →