പാലക്കാട്: സർപ്പദോഷം തീർക്കാനെന്ന പേരിൽ യുവതിയെ കബളിപ്പിച്ച് സ്വർണവും പണവുമായി മുങ്ങിയ സ്ത്രീയെ നാട്ടുകാർ പിടികൂടി.
പാലക്കാട് തൃത്താലയിലാണ് സംഭവം. ഓട്ടോ ഡ്രൈവർമാരുടെ സമയബന്ധിതമായ ഇടപെടലാണ് മധ്യ വയസ്‌കയായ തട്ടിപ്പുകാരിയെ പിടിക്കാൻ സഹായകമായത്.
തൃത്താല കുമ്പിടി തെരുവിലുള്ള ഒരു വീട്ടിൽ ശനിയാഴ്ച(19/12/20) ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിലെത്തിയ നാടോടിയായ മധ്യ വയസ്‌ക സർപ്പദോഷം അകറ്റാൻ വീട്ടിൽ സൂക്ഷിച്ച പൊട്ടിയ കമ്മലും നിശ്ചിത തുക പൈസയും എടുത്തു നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
മന്ത്രവാദത്തിലൊക്കെ വിശ്വാസമുണ്ടായിരുന്ന യുവതി പണവും സ്വർണവും ഇവർക്കു നൽകി. സ്വർണവും പണവും കൈക്കലാക്കിയ ശേഷം ‘മന്ത്രവാദിനി ‘ ഓട്ടോയിൽ കയറി രക്ഷപ്പെട്ടു. പന്തികേട് തോന്നിയ യുവതി സമീപത്തെ യുവാക്കളെ വിവരമറിയിച്ചു. ഉടൻ യുവാക്കൾ സ്ത്രീ കയറിയ ഓട്ടോ ഡ്രൈവറെ ബന്ധപ്പെട്ടു. ഓട്ടോ ഡ്രൈവർമാരുടെ സമയോചിത ഇടപെടലിൽ സ്ത്രീ പിടിയിലായി. തൃത്താല പോലീസിന്റെ സാന്നിധ്യത്തിൽ സ്വർണവും പണവും തിരികെ വാങ്ങി യുവതിക്കു നൽകി.



