കോട്ടയം: പാചകവാതകത്തിൽ നിന്നു തീപടർന്ന് ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ പൊള്ളലേറ്റ് മരിച്ചു. കുടമാളൂർ അമ്പാടി ഷെയർ വില്ലയിൽ വിളക്കുമാടത്ത് ഭാര്യ ടി.ജി. ജെസി (60) ആണ് മരിച്ചത്. കോഴഞ്ചേരി കുഴിക്കാല സിഎംഎസ് ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലായിരുന്നു. സിഎംഎസ് കോളജ് റിട്ട. വൈസ് പ്രിൻസിപ്പൽ ഡോ. വൈ. മാത്യുവിന്റെ ഭാര്യയാണ് ജെസി.
6-12-2020 രാത്രി 11 നായിരുന്നു അപകടം. രാത്രിയിൽ പാചകവാതകം ചോർന്നതിന്റെ ഗന്ധം അനുഭവപ്പെട്ട് ജെസി അടുക്കളയിൽ എത്തി ലൈറ്റിട്ടപ്പോൾ തീ ആളിക്കത്തുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റു. അപകടത്തിൽ ഗ്യാസ് സ്റ്റൗ കത്തി നശിച്ചു. ഈ സമയം ജെസിയും ഭർത്താവ് മാത്യുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാത്യുവിന്റെ നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികൾ ജെസിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കേ മരണപ്പെട്ടു. ഗ്യാസ് അടുപ്പിൽനിന്നാണു വാതകം ചോർന്നതെന്ന് സംശയിക്കുന്നതായി ഫോറൻസിക്, പെട്രോളിയം കമ്പനി അധികൃതർ പറഞ്ഞു.

