ന്യൂഡൽഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ചചെയ്യാൻ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന കർഷകരുടെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചേക്കുമെന്ന് സൂചന. കര്‍ഷകസംഘടനാപ്രതിനിധികളും കേന്ദ്രവുമായി നടന്ന അഞ്ചാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഡിസംബർ 9 ന് കേന്ദ്രം കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
താങ്ങുവിലയും പ്രാദേശിക വിപണിയും ഉറപ്പുവരുത്താനുള്ള നിയമഭേദഗതി ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം ഇന്നലെ കര്‍ഷകര്‍ക്കുമുന്നില്‍ വെച്ചിരുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കുന്നതിനെക്കുറിച്ച് സര്‍ക്കാരുമായി കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്ന മന്ത്രിമാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് യോഗം സമവായത്തിലെത്താതെ പിരിയുകയായിരുന്നു.
പ്രത്യേക സെഷനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ ഒരു ദേശീയ ദിനപ്പത്രത്തോട് പറഞ്ഞു. പാര്‍ലമെന്റ് ശീതകാലസമ്മേളനവുമായി ബന്ധപ്പെട്ട് ഹ്രസ്വകാല സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം. 06/12/20 ഞായറാഴ്ച കര്‍ഷകസംഘടനകള്‍ നടത്തുന്ന നിര്‍ണ്ണായക ചര്‍ച്ചയ്ക്കുശേഷം തുടര്‍ചര്‍ച്ചകള്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.
അഞ്ചാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ട പശ്ചാത്തലത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകസംഘടനകളുടെ നീക്കം. വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച പ്രഖ്യാപനവുമായി 11-ാം ദിവസവും ദില്ലിയുടെ തെരുവുകളില്‍ തുടരുന്ന കര്‍ഷകര്‍ ഡിസംബർ 8-ാം തീയതി നടത്താനിരിക്കുന്ന ഭാരത് ബന്ദില്‍നിന്നും പിന്നോട്ടില്ലെന്നും വ്യക്തമാക്കി.

