റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടു

December 2, 2020 - 3:44 pm

തെക്കന്‍ കേരളം തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം :  ബംഗാള്‍ ഉള്‍ക്കടലില്‍ ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരളം തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് (Cyclone Alert) പ്രഖ്യാപിച്ചു.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം (Deep Depression) കൂടുതല്‍ ശക്തി പ്രാപിച്ച് ബുറേവി ചുഴലിക്കാറ്റായി മാറിയിരിക്കുന്നു. സിസ്റ്റം കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 9 കിമീ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 7.9° N അക്ഷാംശത്തിലും 84.84°E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 400 കിമീ ദൂരത്തിലും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 800 കിമീ ദൂരത്തിലുമാണ്. അടുത്ത 12 മണിക്കൂറില്‍ സിസ്റ്റം കൂടുതല്‍ ശക്തി പ്രാപിച്ച് ഡിസംബര്‍ 2 ന് വൈകീട്ടോടെ ശ്രീലങ്കന്‍ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ശ്രീലങ്കന്‍ തീരത്തെത്തുമ്പോള്‍ സിസ്റ്റത്തിന് അകത്തെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 75 മുതല്‍ 85 കിമീ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിസ്റ്റം ഡിസംബര്‍ 3 നോട് കൂടി ഗള്‍ഫ് ഓഫ് മാന്നാര്‍ എത്തുകയും ഡിസംബര്‍ 4 ന് പുലര്‍ച്ചെയോടെ കന്യാകുമാരിയുടെയും പാമ്പന്റെയും ഇടയിലൂടെ തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് പ്രവേശിക്കുകയും ചെയ്യാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേരളത്തിനുള്ള മുന്നറിയിപ്പ്

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.

ഡിസംബര്‍ 2 മുതല്‍ ഡിസംബര്‍ 4 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബര്‍ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചു.

ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മുന്നറിയിപ്പുകളില്‍ വരുന്ന മാറ്റങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9299/Burevi-cyclone-formed-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *