വെമ്പള്ളി : നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും എട്ട് അടി താഴ്ചയുള്ള വീടിന്റെ മേൽക്കൂരയിലേക്ക് വീണു. 14- 11- 2020 ശനിയാഴ്ച വൈകുന്നേരം 5 മണിക്കായിരുന്നു സംഭവം. എംസി റോഡിൽ സെൻറ് ബോണിഫസ് പള്ളിക്കു സമീപമുള്ള വളവിലാണ് അപകടമുണ്ടായത്. പഴയിടത്ത് കാലായിൽ റെജിമോൻ ജോസഫിൻറെതായിരുന്നു വീട് .
കുറുവിലങ്ങാട് ഭാഗത്തുനിന്ന് ഏറ്റുമാനൂർക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് സമീപത്തെ റിഫ്ലക്ടർ പതിച്ച കോൺക്രീറ്റ് പോസ്റ്റും തകർത്തു റോഡിൽ വട്ടം കറങ്ങിയതിനു ശേഷം എട്ട് അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. താഴെ സ്ഥിതി ചെയ്തിരുന്ന വീടിൻറെ മേൽക്കൂരയിലേക്കാണ് വീണത്. മേൽക്കൂര ഭാഗികമായി തകർന്നു . വീടിന്റെ മതിലിന്റേയും ഭിത്തിയുടെയും ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു കാർ. ടിവി കണ്ടു കൊണ്ടിരുന്ന കുടുംബാംഗങ്ങൾ ശബ്ദം കേട്ട് പേടിച്ച് പുറത്തേക്ക് ഓടി വന്നു. നാട്ടുകാരുടെ സഹായത്തോടെ കാറോടിച്ച ആളെ പുറത്തേക്കെടുത്തു. വീട്ടുകാരും കാറോടിച്ചിരുന്ന ആളും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി.
സംഭവത്തിനുശേഷം ഇപ്പോഴും കുടുംബത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല. വീട്ടുകാർ ഒരുമിച്ച് ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് വൈദ്യുതി നിലച്ചു ഭൂമികുലുക്കം പോലെ വലിയൊരു ശബ്ദവും കുലുക്കവും അനുഭവപ്പെട്ടു. പേടിച്ച് പുറത്തേക്ക് ഓടി വന്നു നോക്കിയപ്പോൾ കണ്ടത് വൈദ്യുതി കമ്പികൾ കൂട്ടിമുട്ടി തീപ്പൊരിയുന്നതാണ്. വൈദ്യുതി പോസ്റ്റിലെ ഒരു ഭാഗം വീടിൻറെ ഭിത്തിയിൽ ഇടിച്ചു നിൽക്കുന്നതും കണ്ടു. പുറത്തിറങ്ങി നോക്കിയപ്പോഴാണ് മതിലിന്റെയും വീടി ന്റെയും ഇടയിൽ കാർ കിടക്കുന്നത് കണ്ടത്. കാർ ഓടിച്ചിരുന്ന ആൾ തന്നെ ഇടതുവശത്തെ ഡോർ ലോക്ക് തുറന്നു. നാട്ടുകാരുടെ സഹായത്തോടെ ആളെ പുറത്തേക്ക് എടുത്തു.



