ചാമക്കാല : തീരദേശത്ത് കടൽച്ചൊറിയും ശക്തമായ കരക്കാറ്റുംമൂലം മത്സ്യബന്ധന വല നശിച്ച് ലക്ഷങ്ങളുടെ നഷ്ടം. 14/11/20 ശനിയാഴ്ച പുലർച്ചെ കടലിൽ മത്സ്യബന്ധനത്തിന് പോയ കയ്പമംഗലം, ചാമക്കാല, വലപ്പാട് എന്നിവിടങ്ങളിൽനിന്നുള്ള മുറിവള്ളങ്ങളിലെ വലയാണ് നശിച്ചത്. ജെല്ലി ഫിഷ് എന്നറിയപ്പെടുന്ന കടൽച്ചൊറി ഇളം ചുവപ്പ് നിറത്തിലാണ് സാധാരണ കാണുന്നത്.
ഇത് ശരീരത്തിൽ തട്ടിയാൽ ചൊറിച്ചിലനുഭവപ്പെടുന്നതിനാലാണ് കടൽച്ചൊറി എന്ന് പറയുന്നത്. കമ്പനിക്കടവ്, കഴിമ്പ്രം, പാലപ്പെട്ടി, ചാമക്കാല, കോതകുളം ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലാണ് കടൽച്ചൊറി കൂടുതൽ അനുഭവപ്പെട്ടത്.
കടലിനടിത്തട്ടിൽ കിടക്കുന്ന വലയിൽ കടൽച്ചൊറി വന്ന് മൂടിയതിനാൽ വല പുറത്തെടുക്കാൻ കഴിയാതെ നശിക്കുകയായിരുന്നു. ശക്തമായ കാറ്റും വല നശിക്കുന്നതിന് ആക്കംകൂട്ടി. കടൽ ചൊറി വലയിൽപ്പെടുന്നത് മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും വലിയ നാശനഷ്ടം മത്സ്യത്തൊഴിലാളികളുടെ ഓർമയിൽ ആദ്യമാണ്. അമ്പതോളം മുറിവള്ളങ്ങളിലെ വലയാണ് നശിച്ചത്. 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.



