തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പില്‍ അനിവാര്യമായ ഇടങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുള്‍പ്പടെ മുന്നണിക്ക് പുറത്തുളള സംഘടനകളുമായി നീക്കുപോക്കിന് തയ്യാറായി കെപിസിസി രാഷ്ട്രയകാര്യ സമിതി. ജില്ലാതലത്തില്‍ സ്ഥിതി ഗതികള്‍ പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് സമിതിയോഗം തീരുമാനിച്ചു.
എന്നാല്‍ യോഗ തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ച കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ ഇക്കാര്യം പരസ്യമായി സമ്മതിക്കാന്‍ തയ്യാറായില്ല. ഇത് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യവുമായാകും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് മുല്ലപ്പളളി പറഞ്ഞു. യൂഡിഎഫിലെ ഘടക കക്ഷികളുമായാണ് സീറ്റ് ധാരണ. വിവിധ സാമൂഹ്യ വിഭാഗങ്ങളുമായി സഹകരിക്കുന്നതിന്‍റെ ഭാഗമായി ധീവരസഭയുമായുളള പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട് . വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല.
ജനങ്ങള്‍ക്ക് നേട്ടമുണ്ടാകേണ്ട പദ്ധതികളെ സര്‍ക്കാര്‍ ശതകോടികളുണ്ടാക്കാനുളള മാര്‍ഗ്ഗമാക്കി മാറ്റി. സ്‌കൂളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തതിലും അഴിമതിയാണ്. പിആര്‍ഡിയെ മറികടന്ന് കിഫ്ബിയെക്കൊണ്ട് ശതകോടികളുടെ പരസ്യം നല്‍കി പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് നീക്കം. പിആര്‍ പ്രവര്‍ത്തനങ്ങളിലൂടെ എങ്ങനെയെങ്കിലും കരകയറാനാകുമോയെന്നാണ് ശ്രമിക്കുന്നത്. ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ശക്തമായ പ്രചരണം നടത്തും.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കും. വിമതരായി മത്സരിക്കുന്നവര്‍ പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് കരുതരുത്. യുവജനങ്ങള്‍ക്കും വനിതകള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കും. പഞ്ചായത്ത് പ്രസിഡന്റ് , മുനിസിപ്പല്‍ ചെയര്‍മാന്‍, മേയര്‍ സ്ഥാനങ്ങളിലേക്ക് സ്വയം പ്രഖ്യാപിച്ച് മത്സരിക്കാനിറങ്ങുന്നവരെ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പിന് ശേഷം യോഗ്യരായവരെ പാര്‍ട്ടി അതത് സ്ഥാനങ്ങളില്‍ നിയമിക്കും.
യുഡിഎഫ് തത്ക്കാലം മുന്നണി വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് രാഷ്ട്രീയ കാര്യ സമിതി. പുതിയ കക്ഷികള്‍ ഈ അവസരത്തില്‍ മുന്നണിയിലെത്തുന്നത് അനാവശ്യമായ അവകാശ വാദങ്ങള്‍ക്ക് വഴിവെയ്ക്കും. സീറ്റിനും മറ്റുമായി മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കും. പിസി തോമസ് കേരളാ കോണ്‍ഗ്രസ് വിഭാഗം പിജെ ജോസഫ് വിഭാഗത്തില്‍ ലയിച്ച് വന്നാല്‍ സ്വീകരിക്കാമെന്നാണ് രാഷ്ട്രീയ കാര്യ സമിതിയിലെ പൊതു വികാരം. എന്നാല്‍ പിസി ജോര്‍ജിനെ വേണ്ടെന്ന് യോഗം ഒറ്റക്കെട്ടായി അഭിപ്രയപ്പെട്ടു.
സ്വര്‍ണ്ണ കടത്ത്, ലൈഫ് വിവാദങ്ങള്‍ നിയമ സഭാ തെരഞ്ഞടുപ്പുവരെ സജീവമാക്കി കൊണ്ടുപോകും. തദ്ദേശ തെരഞ്ഞെടെുപ്പ് കഴിയുന്നതോടെ തുടങ്ങിയ ആരോപണങ്ങള്‍ ഇല്ലാതാകുമെന്ന് ഇടത് കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നുണ്ട്. അതിനവസരം നല്‍കാതിരിക്കാന്‍ വിഷയങ്ങള്‍ തുടര്‍ച്ചയായി ഉന്നയിക്കാനുംയോഗം തീരുമാനിച്ചു.

