പത്തനംതിട്ട: യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെയാണ് പരാതി.
ബന്ധുവായ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്. യുവതിയുടെ ഭർത്താവ് പോലീസ് കേസിൽ അകപ്പെട്ട് ജയിലിലായിരുന്നു. ജാമ്യത്തിലിറക്കാൻ സഹായം അഭ്യർത്ഥിച്ച യുവതിയോട് ജാമ്യത്തിലിറക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം കവർന്നത്. കൂടാതെ ഒരു വര്‍ഷം മുന്‍പ് കൊട്ടാരക്കര സബ് ജയിലിൽ ഭർത്താവിനെ കാണാനെത്തിയ യുവതിയെ കേസിൻ്റെ കാര്യത്തിന് എന്ന വ്യാജേന ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി പീഡനത്തിനിരയാക്കി. നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയും പണം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു. ഒടുവിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു.
നിരന്തരം ശല്യം ചെയ്തതോടെ ഒരാഴ്ച മുന്‍പ് പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ 22 -10 -2020 വ്യാഴാഴ്ച ജില്ലാ പോലീസ് മേധാവി മുമ്പാകെ പരാതി നൽകി.
ഭര്‍ത്താവിന്റെ കേസ് നടത്തിപ്പിനായി അഞ്ചു ലക്ഷം രൂപ വായ്പയെടുത്ത് പ്രതിയെ ഏല്‍പിച്ചിരുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു.
ഇയാള്‍ ഈ തുക ചില നേതാക്കള്‍ക്ക് കൈമാറിയതാണ് വിവരമെന്നും പരാതിയില്‍ പറയുന്നു. ശല്യം അസഹ്യമായതോടെ മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി നേതൃത്വത്തിൽ പരാതി നല്കി. എന്നാൽ നേതൃത്വം പ്രതിയെ സംരക്ഷിക്കുന്ന നിലപടാണ് സ്വീകരിച്ചത്. ഇതോടെയാണ് പോലീസിനെ സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു.
എന്നാൽ പാര്‍ട്ടി നേതൃത്വത്തിനു യുവതി പരാതി നല്‍കിയിട്ടില്ലെന്നാണ് സി പി എം വ്യക്തമാക്കുന്നത്. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പ്രതിയെയും പരാതിക്കാരിയെയും പാർട്ടി പുറത്താക്കിയതായും ബന്ധപ്പെട്ട സി പി എം നേതൃത്വം അറിയിച്ചു



