ലഖ്നൗ: ഹാത്രാസ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. മൂന്നംഗ അന്വേഷണ സംഘത്തിലൊരാളായ ഡിഐജി ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശ്(36)ആണ് ആത്മഹത്യ ചെയ്തത്.
ലഖ്നൗവിലെ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച (24.10.2020) രാവിലെ 11 മണിയോടെയാണ് സംഭവം . ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്ന് കിഴക്കന്‍മേഖല ഡിസിപി ചാരുനിഗം വ്യക്തമാക്കി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഹാത്രാസ് കൊലപാതകത്തില്‍ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പ്രത്യേക അന്വേഷണം വേണമെന്നുമുളള പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്നാണ് എസ്.ഐ.ടിയുടെ മൂന്നംഗ അന്വേഷണ സംഘത്തിന് കേസ് കൈമാറിയത്. എന്നാല്‍ യുപി സര്‍ക്കാരിന്റെ ആവശ്യപ്രകാരം കേസ് സിബിഐക്ക് കൈമാറി.

