ഏഥൻസ്: തുർക്കിയിൽ നിന്നുമുള്ള അഭയാർത്ഥി പ്രവാഹം തടയാൻ അതിർത്തിയിൽ മതിൽ കെട്ടാനൊരുങ്ങി ഗ്രീസ്. കൂട്ടമായി കുടിയേറ്റക്കാർ എത്തുന്ന സാഹചര്യത്തിലാണ് മതിൽ നിർമാണവുമായി മുന്നോട്ടു പോകുന്നതെന്ന് ഗ്രീസ് സർക്കാർ വ്യക്തമാക്കി.
74 ദശലക്ഷം യു എസ് ഡോളർ ചെലവിട്ടാണ് 26 കിലോമീറ്റർ നീളത്തിൽ മതിൽ നിർമിക്കുക. നേരത്തേ തന്നെ 10 കിലോമീറ്റർ നീളത്തിൽ അതിർത്തിയിൽ മതിലുണ്ട്. ഇതിനോടൊപ്പം 26 കിലോമീറ്റർ കൂടി കൂട്ടിച്ചേർക്കാനാണ് തീരുമാനമെന്ന് സർക്കാർ വക്താവ് സ്റ്റെലിയോസ് പെറ്റ്സാസ് അറിയിച്ചു.
കിഴക്കൻ മെഡിറ്ററേനിയനിലെ ഊർജ അവകാശങ്ങളെ ചൊല്ലി തുർക്കിയും ഗ്രീസും തമ്മിൽ തർക്കം നിലവിലുണ്ട്.
കിഴക്കൻ ഈജിയൻ കടലിലെ ദ്വീപുകളിലേക്ക് എത്തുന്ന കുടിയേറ്റക്കാരെ ഗ്രീസ് അനധികൃതമായി പിന്നോട്ട് നീക്കിയതായി തുർക്കി നേരത്തേ ആരോപിച്ചു, ഈ ആരോപണം ഏഥൻസ് നിഷേധിച്ചിരുന്നു.
യുഎൻ റിഫ്യൂജി ഏജൻസിയുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവുമധികം അഭയാർഥികൾ തുർക്കിയിലാണുള്ളത്, ഇതിൽ ഏകദേശം 4 ദശലക്ഷം ആളുകൾ, സിറിയയിൽ നിന്നുള്ളവരാണ്.

