റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശിവശങ്കറിനെ 11 മണിക്കൂര്‍ രണ്ടാം വട്ടവും ചോദ്യം ചെയ്തു. 13-10-2020, ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ നോട്ടീസ്

October 11, 2020 - 1:06 pm

കൊച്ചി: സ്വര്‍ണ്ണക്കളളകടത്തുകേസിലടക്കം ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തുടര്‍ച്ചയായ രണ്ടാം ദിവസവും 11 മണിക്കൂര്‍ ചോദ്യം ചെയ്തശേഷം കസ്റ്റംസ് വിട്ടയച്ചു. അടുത്ത ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ പറഞ്ഞിട്ടുണ്ട് . ആദ്യ ദിവസത്തെ 11 മണിക്കൂര്‍ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ശിവശങ്കറെ രണ്ടാം ദിവസവും ചോദ്യം ചെയ്തത്.

10 10 2020, ശനിയാഴ്ച രാവിലെ 11 ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി വരെ നീണ്ടു. യുഎഇ കോണ്‍സുലേറ്റ് വഴിയെത്തിയ ഈന്തപ്പഴം ,അനുമതിയില്ലാതെ വിതരണം ചെയ്തതാണ് ആദ്യ ദിവസം ചോദിച്ചതെങ്കില്‍ സ്വപ്‌നക്കായി ലോക്കര്‍ എടുത്തുനല്‍കിയതും, ഇരുവരും തമ്മിലുളള വാട്‌സാപ്പ് ടെലഗ്രാം ചാറ്റുുകളും സംബന്ധിച്ചാണ് രണ്ടാം ദിവസം വ്യക്തത തേടിയത്. ഡിജിറ്റൽ തെളിവുകൾ, കോൾ റെക്കാർഡുകൾ, ഗൾഫ് യാത്ര എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങളും തേടിയിരുന്നു. 2018-19 വർഷങ്ങളിൽ ശിവശങ്കറിൻറെ ചില ഗൾഫ് യാത്രകൾ സംശയകരമാണെന്ന് കസ്റ്റംസ് വൃത്തങ്ങൾ സൂചിപ്പിച്ചു. സ്വപ്ന ഒളിവിൽ പോയ സമയത്ത് അവരുമായി ബന്ധപ്പെട്ട സംശയാസ്പദമായ ഫോൺനമ്പർ ശിവശങ്കരന്റെ ആണോ എന്നും കസ്റ്റംസ് സംശയിക്കുന്നുണ്ട്.

ശിവശങ്കരന്‍റെ മൊഴിയെടുക്കുന്ന അതേ സമയം തന്നെ സ്വപ്‌നാ സുരേഷ് അടക്കമുളള പ്രതികളെ വിവിധ ജയിലുകളില്‍ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. ശിവശങ്കരന്‍ പറയുന്നത് ശരിയാണോയെന്നറിയുന്നതിനായിരുന്നു ഇത്. ഇതിനിടെ കസ്റ്റഡിയിലിരിക്കെ സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയുടെ പകര്‍പ്പാവശ്യപ്പെട്ട് സ്വപ്‌ന നല്‍കിയ ഹര്‍ജിയെ കസ്റ്റംസ് ഹൈക്കോടതിയില്‍ എതിര്‍ത്തു. സമൂഹത്തില്‍ സ്വാധീന ശക്തിയുളളവരും ഉന്നതസ്ഥാനത്തിരിക്കുന്നവരുമായ വ്യക്തികളെക്കുറിച്ച് മൊഴിയില്‍ പറയുന്നുണ്ടെന്നും അധികാര കേന്ദ്രങ്ങളില്‍ സ്വാധീനവും ബന്ധവുമുളള സ്വപ്‌നക്ക് മൊഴിപ്പകര്‍പ്പ് നല്‍കിയാല്‍ അന്വേഷണം തടസപ്പെടുമെന്നുമാണ് സത്യവാങ്മൂലത്തിലുളളത്.

കസ്റ്റംസിന്റെ ഈ വെളിപ്പെടുത്തലിന് ശേഷമാണ് ശിവശങ്കറിനെ ചോദ്യംചെയ്യൽ സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരങ്ങൾ ശിവശങ്കർ നൽകിയില്ല എന്ന് മാത്രമല്ല പഴയ മൊഴി മാറ്റി പറയുന്ന സാഹചര്യവും ഉണ്ടായി എന്ന് കസ്റ്റംസ് പറയുന്നു.

09-10-2020 വെള്ളിയാഴ്ച സ്വപ്നയുടെ ഭർത്താവിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്വർണ്ണം പിടിച്ചശേഷം സ്വപ്നയേയും ശിവശങ്കറിനേയും വിളിച്ചവരെ പറ്റി ഇയാൾ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *