കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് സുരക്ഷാ ഭീഷണിയുണ്ടെന്നും പോലീസ് സുരക്ഷ നല്‍കണമെന്നും സംസ്ഥാന ഇന്റലിജന്‍സ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടിനു വേണ്ടി എസ്.പി സുകേശന്‍ സിറ്റിപോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. 22 -9 -2020 ചൊവ്വാഴ്ചയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. സുരക്ഷ നല്‍കിയ ശേഷം ഇന്റലിജന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അറിയിക്കണമന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
കെ.സുരേന്ദ്രന് ഇപ്പോഴത്തെ സാഹചര്യത്തില്‍ സുരക്ഷ അനിവാര്യമാണെന്നാണ് സംസ്ഥാന ഇൻ്റലിജൻസ് ചൂണ്ടിക്കാട്ടുന്നത്.
സുരക്ഷ ഉറപ്പു വരുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് ഐ.പി.എസ് അറിയിച്ചു. തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയില്ലെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി. കേരള പോലീസിന്റെ സുരക്ഷ തത്ക്കാലം ആവശ്യമില്ല. കേരള പോലിസ് നൽകുന്നതിനേക്കാൾ സുരക്ഷ തനിക്ക് ജനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു..
സ്വര്‍ണക്കടത്ത് വിഷയത്തിലടക്കം സംസ്ഥാന സര്‍ക്കാരിനെതിരേ നിരന്തരം ആരോപണങ്ങളുമായി ദിവസവും പത്ര സമ്മേളനം നടത്തുന്ന കെ.സുരേന്ദ്രന്‍ സമരങ്ങളിലെല്ലാം മുന്‍ നിരയിലുണ്ടായിരുന്നു. ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ അടക്കം കേരളത്തില്‍ എത്തിയത് ബി.ജെ.പിയുടെ ഇടപെടലാണ് എന്നാണ് ആരോപണം. ഇതിനിടയിലാണ് സംസ്ഥാന ഇൻ്റലിജൻസ് കെ.സുരേന്ദ്രന് സുരക്ഷ ഭീഷണിയുണ്ടെന്ന് റിപ്പോർട്ട് നൽകിയത്



