തൃശൂര്‍: കോവിഡ് ബാധിതനായത് ഒരു വട്ടമല്ല മൂന്നു തവണ .പൊന്നൂക്കര പാലവേലി സെബാസ്റ്റ്യന്‍ മകന് സാവിയോ(38). ഏഴ് മാസത്തിനിടെയാണ് മൂന്നു തവണ കൊവിഡ് പൊസിറ്റീവായത്. ഒരു തവണ മസ്ക്കറ്റിൽ വെച്ചും രണ്ടു തവണ കേരളത്തിൽ വെച്ചുമാണ് കോവിഡ് പോസിറ്റീവ് ആയത്.
മസ്ക്കറ്റിൽ 17-03- 2020 ചൊവ്വാഴ്ചയാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്.
മസ്കറ്റിലെ പ്രൈവറ്റ് കമ്പനിയില്‍ ജോലിചെയ്തിരുന്ന സാവിയോയ്ക്ക് സുഹൃത്തില്‍ നിന്നാണ് വൈറസ് ബാധ ഉണ്ടായത്. ചികിത്സയ്ക്കിടെ ഡോക്ടര്‍ക്കും നഴ്സിനും കൊവിഡ് ബാധിച്ചു.
രോഗം ഭേദമായി 28-06- 2020 ഞായറാ ഴ്ച നാട്ടിലെത്തി. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നു. വീട്ടില്‍ 14 ദിവസത്തെ നിരീക്ഷണത്തിലിരുന്നു. എന്നാൽ ശേഷം ജൂലായില്‍ വീണ്ടും കൊവിഡ് ലക്ഷണം പ്രകടമാകുകയായിരുന്നു.
18-07- 2020 ശനിയാഴ്ച ജൂലായ് 18 നു സ്രവം പരിശോധനയ്ക്ക് അയച്ചു. 22-07- 2020 ബുധനാഴ്ച രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടാഴ്ചയിലെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തി.
03-09- 2020 വ്യാഴാഴ്ച വീണ്ടും ലക്ഷണം പ്രകടമായി. പരിശോധനയില്‍ മൂന്നാം വട്ടവും പൊസിറ്റീവാണെന്ന് തെളിഞ്ഞു. മെഡിക്കല്‍ കോളേജിലെത്തി ചികിത്സയ്ക്കുശേഷം ഒരാഴ്ച കഴിഞ്ഞ് നെഗറ്റീവ് ആയ സാവിയോ ഇപ്പോള്‍ വിശ്രമത്തിലാണ്.
സാവിയോയുടെ 73 വയസു കഴിഞ്ഞ അച്ഛന് സെബാസ്റ്റ്യന്‍ മാറിത്താമസിക്കുകയാണ്. 60 കഴിഞ്ഞ അമ്മയ്ക്കോ മറ്റുള്ളവര്‍ക്കോ ഇതുവരെ കൊവിഡ് വന്നിട്ടില്ല. ഭാര്യയും കുട്ടികളും കോഴിക്കോട്ടെ വീട്ടിലാണ്.
ഇരട്ടകുഞ്ഞുങ്ങൾക്ക് 5 മാസം പ്രായമായിട്ടും ഒരു നോക്ക് കാണാൻ പോലും സാവിയോയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.വിടാതെ പിന്തുടർന്ന കൊവിഡ് ഇനിയും പിടികൂടുമോ എന്നാണ് പേടി. അതു കൊണ്ട് ഇതുവരെ കാണാൻ പോയിട്ടില്ല. 03-04- 2020 വെള്ളിയാഴ്ചയാണ് സാവിയോ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനായത്.
അപൂര്‍വമായി മാത്രം നാലു മാസം വരെ ചിലര്‍ക്ക് വൈറസ് പ്രകടമാകാമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇതേക്കുറിച്ച് പൊതുവായി പഠനം നടക്കുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് ഗവേഷണങ്ങള്‍ നടന്നുവരുന്നുണ്ട്.

