ന്യൂഡല്‍ഹി: കാര്‍ഷിക പരിഷ്‌കരണ ബില്ലുകളില്‍ പ്രതിഷേധം നടത്താന്‍ കര്‍ഷകരും രാഷ്ട്രീയ നേതാക്കളും ഡല്‍ഹിയിലേക്ക് പോകുന്നത് തടയാന്‍ ഹരിയാന പോലീസ്. ഇന്നലെ ഡല്‍ഹിയിലേക്ക് പോവാനെത്തിയ കര്‍ഷകര്‍ക്കെതിരേ പോലിസ് ജലപീരങ്കികള്‍ ഉപയോഗിച്ചു. അതിനിടെ ബാരിക്കേഡുകള്‍ കടക്കാന്‍ ശ്രമിച്ച പാനിപ്പട്ടിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് ജലപീരങ്കികള്‍ പ്രയോഗിച്ചു. ലോക് ഇന്‍സാഫ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള അംബാലയില്‍ നടന്ന മോട്ടോര്‍ സൈക്കിള്‍ റാലിയും തടഞ്ഞ് ജലപീരങ്കി പ്രയോഗമുണ്ടായി.
പാനിപ്പട്ടില്‍ ജലപീരങ്കികള്‍ നേരിട്ടതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിഞ്ഞപ്പോള്‍, അംബാല-ലുധിയാനയിലെ ശംഭു ഗ്രാമത്തിന് സമീപം അന്തര്‍ സംസ്ഥാന അതിര്‍ത്തിയില്‍ എല്‍ഐപി പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി. അതേസമയം, പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരം രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു.



