കച്ച്: അഴിമതി വിരുദ്ധ ബ്യൂറോയുടെ പിടിയിലാവാതിരിക്കാന്‍ കര്ഷകനില് നിന്ന് വാങ്ങിയ കൈക്കൂലി പണം ചവച്ചരച്ച ഗുജറാത്തിലെ കോണ്‍സ്റ്റബിളിനെ കുടുക്കി ഉദ്യോഗസ്ഥര്‍. ഡിഎന്‍എ പരിശോധനയിലൂടെ ചവച്ച നോട്ടുകളിലെ ഉമിനീര് സാമ്പിള്‍ കോണ്‍സ്റ്റബിളിന്റേത് തന്നെയാണെന്ന് ഉറപ്പിച്ചതിലൂടെയാണിത്.കോണ്‍സ്റ്റബിള്‍ മയൂര്‍ സിംഗ് സോധയാണ് കൈക്കുലി കേസില്‍ കുടുങ്ങിയത്.
ജൂലൈ 21നാണ് ഗുജറാത്ത് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ (എസിബി) ഒരു സംഘം കച്ച് ഭുജിലെപോലീസ് കോണ്‍സ്റ്റബിളിനെ പിടികൂടാന്‍ ശ്രമം നടത്തിയത്. പിടിക്കപെടാതിരിക്കാന്‍ കറന്‍സി നോട്ടുകള്‍ ഇയാള്‍ ചവച്ചരച്ച് കഴിക്കുകയായിരുന്നു. ഇതോടെ എസിബി ഇയാളുടെ ഉമിനീര് സാമ്പിള്‍ ശേഖരിച്ച് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയെ സമീപിച്ചു. ഇന്നലെ വന്ന റിപ്പോര്‍ട്ടില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതിന് ആവശ്യമായ തെളിവ് ലഭിക്കുകയായിരുന്നു.



