നെടുമ്പാശ്ശേരി: മനോവൈകല്ല്യമുളള 14 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ പോലീസ് പിടിയിലായി. കറുകുറ്റി സ്വദേശിയായ 43 കാരനെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടികെ ജോസ് അറസ്റ്റു ചെയ്തത്. വിവാഹ മോചിതയായ സ്ത്രീയോടൊപ്പം ഇയാള്‍ വര്‍ഷങ്ങളായി താമസിച്ചുവരികയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് ആ ണ്‍മക്കളുണ്ട്. സ്ത്രീയുടെ ആദ്യ വിവാഹത്തിലുളളതാണ് പെണ്‍കുട്ടി.
വീട്ടില്‍ ആളില്ലാത്തപ്പോഴും രാത്രിയിലും രണ്ടുവര്‍ഷമായി കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നു. കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. മാതാവിന്‍റെയും പ്രതിയുടേയും നിര്‍ബ്ബന്ധം മൂലം പീഡിപ്പിച്ചത് അയല്‍വാസിയാണെന്നാണ് കുട്ടി ആദ്യം വെളിപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ വീണ്ടും നടത്തിയ കൗണ്‍സിലിംഗിലാണ് രണ്ടാനച്ഛന്‍ പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തിയത്. ചെങ്ങമനാട് പ്രിന്‍സിപ്പല്‍ എസ് ഐ ആര്‍ രഗീഷ്‌കുമാറും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ആലുവ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.




