കൊച്ചി: വൈപ്പിൻ മുനമ്പത്ത് യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചെറായി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ചെറായി സ്വദേശികളായ ശരത്ത്, ജിബിൻ, അമ്പാടി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചെറായി കല്ലുമഠത്തില്‍ പ്രസാദിന്റെ മകന്‍ പ്രണവി (23)നെ കുഴിപ്പള്ളി ബീച്ച് റോഡിൽ കൊല്ലപ്പെട്ട നിലയിൽ ചൊവ്വാഴ്ച (22-09- 2020) പുലര്‍ച്ചെ നാലരയോടെ മത്സ്യതൊഴിലാളികളാണ് കണ്ടത്.
കൊലപാതകത്തിലേക്ക് നയിച്ചത് കാമുകിയുടെ പേരിലുള്ള തർക്കമാണെന്നാണ് സൂചന. പ്രതികളിൽ ഒരാളായ ശരത്തിന്റെ കാമുകിയോട് പ്രണവും അടുപ്പത്തിലായിരുന്നുവത്രേ, ശരത്തിന്റെ കാമുകിയോട് പ്രണവ് മോശമായി പെരുമാറിയതിന്റെ പേരിലാണ് കൊല നടത്തിയത് എന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ആറ് മാസം മുൻപുണ്ടായ മറ്റൊരു തർക്കവും പ്രണവിനോടുള്ള ശത്രുതയ്ക്ക് കാരണമാണെന്ന് പ്രതികൾ പറഞ്ഞു.
കൊല ചെയ്യപ്പെട്ട പ്രണവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയതാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. തലയ്ക്കും കൈക്കും മാരകമായ പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. സമീപത്തു തന്നെ യുവാവിനെ മര്‍ദിക്കാന്‍ ഉപയോഗിച്ചുവെന്നു സംശയിക്കുന്ന വടികളും ട്യൂബ് ലൈറ്റിന്റെ കഷ്ണങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.