റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയന്ത്രിക്കേണ്ടത് ഡിജിറ്റല്‍ മാധ്യമങ്ങളെയെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍: യുപിഎസ്സി ജിഹാദ് എന്ന തലക്കെട്ട് നല്‍കിയത് സക്കാത്ത് ഫൗണ്ടേഷന്‍ ഫണ്ട് ഉപയോഗിച്ചതിനാല്‍-സുദര്‍ശന്‍ ടി വി

September 18, 2020 - 11:42 am

ന്യുഡല്‍ഹി: ദൃശ്യമാധ്യമങ്ങളെക്കാള്‍ മുന്‍പ് നിയന്ത്രിക്കേണ്ടത് ഡിജിറ്റല്‍ മാധ്യമങ്ങളെയാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ മീഡിയയിലൂടെ വാര്‍ത്തകള്‍ ചുരുങ്ങിയ സമയം കൊണ്ട് വലിയ വിഭാഗം ജനങ്ങളില്‍ എത്തുന്നുവെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടികാട്ടി. യുപിഎസ്സി ജിഹാദ് എന്ന പേരില്‍ സുദര്‍ശന്‍ ടി.വി സംപ്രേഷണം ചെയ്യുന്ന വാര്‍ത്താധിഷ്ഠിത പരിപാടിക്ക് എതിരായ ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്.

സുദര്‍ശന്‍ ടിവി സംപ്രേഷണം ചെയ്ത വര്‍ഗീയ സ്വഭാവമുള്ള പരിപാടിയുടെ പേരിലാണ് മാധ്യമ നിയന്ത്രണത്തെ കുറിച്ച് കോടതി മാര്‍ഗരേഖ തേടിയത്. വാട്സ്ആപ്, ഫെയ്സ്ബുക്ക് എന്നിവ വഴി വാര്‍ത്തകള്‍ വേഗത്തില്‍ പ്രചരിക്കുന്നു. ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് ഗുരുതരമായ സ്വാധീനമാണ് സമൂഹത്തിലുള്ളത്. അവയുടെ സ്രോതസ്സുകള്‍ പരിഗണിച്ച്, കോടതി അവയെ വേണം ആദ്യം നിയന്ത്രിക്കേണ്ടത്- കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കൃത്യമായ ചട്ടക്കൂടും മാര്‍ഗരേഖയുമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യവും ഉത്തരവാദിത്ത മാധ്യമപ്രവര്‍ത്തനവും സംതുലിതമാക്കുന്നതില്‍ വ്യവസ്ഥാപിത ചട്ടങ്ങളും വിധികളുമുണ്ട്. മുന്‍കാല വിധികളുടെയും കീഴ്വഴക്കങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളുടെ നിയന്ത്രണത്തിനുമുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.മാര്‍ഗരേഖ തയ്യാറാക്കുന്നതിന് സര്‍ക്കാരിന് സഹായിക്കാന്‍ അമിക്കസ് ക്യൂറിയേയോ ഒരു പാനലിനേയോ നിയമിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സര്‍ക്കാര്‍ സര്‍വീസുകളില്‍ മുസ്ലീങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്നും യുപിഎസ്.സി ജിഹാദ് ആണ് നടക്കുന്നതെന്നുമായിരുന്നു ചാനല്‍ ഒരു പരിപാടിയില്‍ പറഞ്ഞത്. ഇതിനെതിരായ പരാതിയിലായിരുന്നു കോടതി ഇടപെടല്‍. അതേസമയം, സിവില്‍ സര്‍വ്വീസ് പരിശീലത്തിന് സക്കാത്ത് ഫൗണ്ടേഷന്റെ ഫണ്ട് ലഭിച്ചത് കൊണ്ടാണ് യുപിഎസ്സി ജിഹാദ് എന്ന് പരിപാടിക്ക് തലക്കെട്ട് നല്‍കിയത് എന്ന് സുദര്‍ശന്‍ ടി വി സുപ്രീം കോടതിയില്‍ പറഞ്ഞു. ഈ ഫണ്ട് ആണ് സിവില്‍ സര്‍വീസ് പരിശീലനത്തിനായി ഉപയോഗിക്കുന്നതെന്നും സുദര്‍ശന്‍ ടി വി എക്സിക്യുട്ടീവ് എഡിറ്റര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സക്കാത്ത് ഫൗണ്ടേഷന് ഫണ്ട് നല്‍കിയവരില്‍ ചിലര്‍ക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്.ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, കെഎം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. യുപിഎസ്സി ജിഹാദ് എന്ന പരിപാടിയുടെ സംപ്രേക്ഷണവും കോടതി വിലക്കി. കേസില്‍ ചൊവാഴ്ച വീണ്ടും വാദം കേള്‍ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *