കോപ്പന്‍ഹേഗ്: കൊവിഡ് രോഗവ്യാപനം യൂറോപ്പില്‍ ഭയാനകമായ നിരക്കില്‍ വര്‍ദ്ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. മാര്‍ച്ചില്‍ യൂറോപ്പില്‍ ആദ്യമായി പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കേസുകളാണ് ഇപ്പോഴുള്ളത്. യൂറോപ്പില്‍ പ്രതിവാര കേസുകളുടെ എണ്ണം കഴിഞ്ഞ ആഴ്ച 3,00,000 കവിഞ്ഞുവെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജിയണല്‍ ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ് പറഞ്ഞു. ജാഗ്രതയോടെ ഇരിക്കണമെന്ന മുന്നറിയിപ്പാണ് സപ്തംബര്‍ മാസത്തിലെ കൊവിഡ് കണക്കുകള്‍ തരുന്നത്. 14 ദിവസം ക്വാറന്റൈന് എന്നതിന് ഇപ്പോള്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നും കോപ്പന്‍ഹേഗനില്‍ നടത്തിയ ഓണ്‍ലൈന്‍ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ 53 അംഗരാജ്യങ്ങളില്‍ അഞ്ച് ദശലക്ഷത്തിലധികം കൊവിഡ് കേസുകളും 227,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതിദിന കേസുകളുടെ എണ്ണം 40,000 നും 50,000 നും ഇടയിലാണ്, ഏപ്രില്‍ ഒന്നിന് ഇത് 43,000 ആയി ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.




