തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഒക്ടോബർ 12ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. മൂന്ന് പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നാനാലാണ് ഈ നടപടി.
കേസിലെ കുറ്റപത്രം സമർപ്പിച്ചതിനുശേഷം കേസ് വിചാരണയ്ക്കുവേണ്ടി സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 209 പ്രകാരമാണ് ശ്രീറാമിനോടു കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്. കുറ്റപത്രവും സാക്ഷിമൊഴികളുടേയും ഫോറൻസിക് റിപ്പോർട്ടുകളുടേയും പരിശോധനയുടെ അടിസ്ഥാനത്തിൽ നരഹത്യ കുറ്റത്തിന് 304 (2) വകുപ്പാണ് ശ്രീറാമിനെതിരെ നിലനിൽക്കുന്നതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതിനാലാണ് തുടർവിചാരണ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്.
രണ്ടാംപ്രതി ശ്രീറാമിന്റെ സുഹൃത്തായ വഫാ ഫിറോസ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. അമ്പതിനായിരം രൂപയുടെ സ്വന്തം ജാമ്യബോണ്ടിന്മേലും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യബോണ്ടിന്മേലും ആണ് കോടതി ജാമ്യം അനുവദിച്ചത്.
ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ അമിതവേഗത്തിൽ ഓടിച്ച് കാറിടിച്ച് കെഎം ബഷീർ എന്ന മാധ്യമ പ്രവർത്തകനെ കൊന്നു എന്നാണ് കേസ്. ഇതിനെ തുടർന്ന് ശ്രീറാമിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. പിന്നീട് ജോലിയിൽ തിരിച്ചെടുത്തിയിരുന്നു.



