ന്യൂ ഡല്‍ഹി: പാലാരിവട്ടം പാലം പുതുക്കിപണിയുന്നതിനുളള അനുമതി തേടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ രണ്ടാഴ്‌ച്ചക്കുശേഷം പരിഗണിക്കും. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കരാറുകാര്‍ക്ക് കോടതി സമയം നല്‍കി. ജസ്‌റ്റീസ് ആര്‍ എഫ് നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പാലത്തിന്‍റെ ഭാരപരിശോധന നടത്തി അറ്റകുറ്റ പണി നടത്തണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്‌താണ് കേരളം ഹര്‍ജി നല്‍കിയിരിക്കുന്നത്. തല്‍സ്ഥിതി തുടരണമെന്ന മുന്‍ ഉത്തരവ് ഭേദഗതി ചെയ്യണമെന്നും തകര്‍ന്ന പാലം പൊളിച്ച് പുതിയത് പണിയാന്‍ അടിയന്തിരമായി അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് കേരളം നല്‍കിയ പ്രത്യേക അപേക്ഷയും കോടതി പരിഗണിച്ചിരുന്നു.
2016 ല്‍ നിര്‍മ്മിച്ച പാലത്തില്‍ 2018 ആയപ്പോഴേക്കും വിളളല്‍ വീണിരുന്നു. പാലത്തിന്‍റെ ഭാരപരിശോധന നടത്തി അറ്റകുറ്റ പണിക്കുളള സാധ്യത തേടണമെന്നായിരുന്നു ഇത് സംബന്ധിച്ചുളള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇത് ചോദ്യം ചെയ്‌താണ് കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ആര്‍.എഫ് നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ച് തല്‍സ്ഥിതി തുടരണമെന്ന് ഉത്തരവിട്ടിരുന്നു.
എന്നാല്‍ കുണ്ടന്നൂര്‍ വൈറ്റില പാലങ്ങള്‍ ഈ വര്‍ഷം കമ്മീഷന്‍ ചെയ്യുന്നതോടെ പാലാരിവട്ടത്ത് വലിയ ഗതാഗത സ്‌തംഭനമുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പ്രത്യേക അപേക്ഷയില്‍ അടിയന്തിരമായി പാലം പണിയാന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവയ്‌ക്കണമെന്ന് കരാറുകാരും, ഇതിനെ എതിര്‍ത്ത് കേരളവും വീണ്ടും കോടതിയെ സമീപിച്ചിരുന്നു. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് പരിസരത്തെ ജനജീവിതം അപകടത്തിലാക്കുമെന്നും അറ്റകുറ്റ പണികൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.



