ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി ഭീഷണി നിലനില്‍ക്കെ ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല ബംഗ്ലാദേശ് സന്ദര്‍ശനം നടത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണെന്ന് വിലയിരുത്തല്‍. ചൈനമായുള്ള ബംഗ്ലാദേശിന്റെ ബന്ധമാണ് തിരക്കിട്ട സന്ദര്‍ശനത്തിന്റെ പിന്നിലെന്നാണ് വിവരം.ദിനംപ്രതി ഇന്ത്യക്കെതിരെയുള്ള പ്രകോപനപരമായ നടപടികളാണ് ചൈന കൈക്കൊള്ളുന്നത്. അതിനാല്‍ ബംഗ്ലാദേശിനെ ചൈന മുതലെടുക്കുന്നത് തടയിടാനുള്ള നടപടികളുമായാണ് ഇന്ത്യ മുന്നോട്ട് പോവുന്നത്.
ബംഗ്ലാദേശിനെ ചൈന മുതലെടുക്കുന്നത് തടയിടാന്‍ 5 ബില്യണ്‍ യുഎസ് ഡോളര്‍ സാമ്പത്തിക സഹായമാണ് ഇന്ത്യ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.ചൈന നല്‍കുന്ന വായ്പയ്ക്ക് ആറര ശതമാനം പലിശ നല്‍കുമ്പോള്‍ ഇന്ത്യ നല്‍കിയ പുതിയ വായ്പയ്ക്ക് ഒരു ശതമാനമാണ് പലിശ. പകരമായി ചൈനീസ് അധീനതയിലുള്ള ഹീബന്‍ടോട്ട തുറമുഖത്തിന് തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന ഹീബന്‍ടോട്ട വിമാനത്താവളം നേടിയെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. എന്നാല്‍ ബംഗ്ലാദേശില്‍ ചിറ്റഗോങില്‍ ചൈന ധനനിക്ഷേപം നടത്തിക്കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സൈനികാധിപത്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചൈന ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്.
ഇന്ത്യയ്ക്ക് ചുറ്റും ‘മുത്ത് കോര്‍ക്കുക’ എന്ന പേരിലാണ് നാവിക താവളങ്ങള്‍ നിര്‍മ്മിക്കുന്ന ചൈനീസ് പദ്ധതിയറിയപ്പെടുന്നത്. ഇന്ത്യയ്ക്ക് ചുറ്റുമുള്ള ചൈനീസ് നാവിക സാന്നിധ്യം ശക്തവുമാണ്. ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ബംഗ്ലാദേശിന്റെ അധീനതയില്‍ സ്ഥിതിചെയ്യുന്ന ചിറ്റഗോങ് തുറമുഖത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ചൈനയാണ്. അതേസമയം, പ്രതിരോധത്തിലൂന്നിയുള്ള നയം സ്വീകരിച്ചിരുന്ന ഇന്ത്യ ഇന്നതില്‍ മാറ്റം വരുത്തി. വിവിധ രാജ്യങ്ങളുമായി ശക്തമായ രാഷ്ട്രീയ, സാമ്പത്തിക, സൈനിക ബന്ധം സ്ഥാപിക്കാനാണ് ശ്രമം നടത്തുന്നത്. ചൈനയെ ‘പൂക്കളാല്‍ വരിഞ്ഞു മുറുക്കുക’ എന്ന മറുതന്ത്രമാണ് പയറ്റുന്നത്. ആദ്യമായി മലേഷ്യ – സിംഗപ്പൂര്‍ രാജ്യങ്ങള്‍ക്കിടയിലൂടെ മലാക്ക കടലിടുക്കില്‍ നാവിക സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്.
2014ല്‍ പ്രധാനമന്ത്രി രൂപം കൊടുത്ത ആക്ട് ഈസ്റ്റ് നയം തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിച്ചതില്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്്. ഇതിന്റെ ഭാഗമായി സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്ത് ചാങ്ങി തുറമുഖം ഇന്ത്യന്‍ നാവിക സേനയ്ക്ക് ഉപയോഗിക്കാനുള്ള ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. തൊട്ടടുത്തുള്ള ഇന്തോനേഷ്യയുടെ സബാങ് തുറമുഖം വികസിപ്പിക്കാനും ഉപയോഗിക്കാനുമുള്ള അനുവാദം ലഭിച്ചു. ഇന്ത്യയുടെ പുതിയ നീക്കത്തിലൂടെ ചൈനയുടെ എണ്ണ – പ്രകൃതി വാതക ചരക്ക് കപ്പലുകള്‍ക്ക് ഇന്ത്യന്‍ നാവിക സാന്നിധ്യം കടന്നു മാത്രമേ മലാക്ക കടലിടുക്കിലൂടെ പോകാന്‍ സാധിക്കൂ. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് ഏഡന്‍ കടലിടുക്കില്‍ ജിബൂട്ടിയിലെ ചൈനീസ് തുറമുഖത്തിന് ബദലായി തൊട്ടടുത്ത് ഒമാനില്‍ ഇന്ത്യയും തുറമുഖം തുറന്നു. അറബിക്കടലില്‍ പാക്കിസ്ഥാന്‍ ചൈനയ്ക്ക് നല്‍കിയ ഗ്വാദര്‍ തുറമുഖത്തിന് അടുത്തായി ഇറാനില്‍ ഇന്ത്യ നിര്‍മിച്ച ചബ്ബാര്‍ തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, വിദേശകാര്യമന്ത്രി അബ്ദുല്‍ മൊമെന്‍, വിദേശകാര്യസെക്രട്ടറി മസൂദ് ബിന്‍ മൊമെന്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സന്ദേശം ശൈഖ് ഹസീനയ്ക്ക് കൈമാറി.ബംഗ്ലാദേശുമായി ഏറ്റവുംഅടുത്ത ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്ന് ഇന്ത്യ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശിന് ഇന്ത്യയുമായി രക്തബന്ധവും ചൈനയുമായി സാമ്പത്തികബന്ധവുമാണുള്ളതെന്നാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി മൊമെന്‍ പറഞ്ഞത്.




