ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഇന്ത്യയിലെ എല്ലാ ആളുകള്‍ക്കും വേഗത്തില്‍ ലഭ്യമാകില്ലെന്ന് ഐസിഎംആറിലെ മുന്‍ മേധാവി ഗഗന്‍ദീപ് കാങ്. ഇന്ത്യയിലെ ജനസംഖ്യ കണക്കിലെടുത്ത് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ നയം വിഷയത്തില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആര്‍ക്കൊക്കെ എപ്പോള്‍ വാക്‌സിന്‍ നല്‍കണമെന്ന് ഐസിഎംആറും തീരുമാനിക്കണം.
ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനെക്ക പോലുള്ള പരീക്ഷണാത്മക വാക്‌സിന്‍ ആണ് നാം ഉപയോഗിക്കുന്നതെങ്കിലും തദ്ദേശിയമായി നിര്‍മിച്ച വാക്‌സിനേക്കാള്‍ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഈ വാക്‌സിന്‍ വിദേശ രാജ്യത്ത് നിന്നാണ് ലൈസന്‍സ് നേടിയിതെങ്കില്‍ ലൈസന്‍സ് നേടിയ രാജ്യത്തെ മരുന്ന് നിര്‍മ്മാണ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട സമിതി കര്‍ശനമായ നിയന്ത്രണങ്ങളോടെ മാത്രം പ്രവര്‍ത്തിക്കുന്നത് ആണോയെന്ന് ഉറപ്പ് വരുത്തണം. ശേഷം ഇന്ത്യയില്‍ എത്തിച്ചാല്‍ ചെറിയ അളവില്‍ വാക്‌സിന്‍ പരീക്ഷണം വീണ്ടും നടത്തുകയും വേണം. അത് ജയമാണെന്ന് ഉറപ്പായാല്‍ മാത്രമേ പൊതു വിപണിയിലേക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വാക്‌സിന് മറ്റ് രാജ്യങ്ങളിലൊന്നും ലൈസന്‍സ് ഇല്ല എന്നാണെങ്കില്‍ വലിയ രീതിയിലുള്ള പരീക്ഷ പഠനങ്ങള്‍ നടത്തിയ ശേഷം മാത്രമേ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമാവു. അതായത് വിജയകരമായ കൊറോണ വൈറസ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും, അത് നാളെ തന്നെ ജനങ്ങള്‍ക്ക് ലഭ്യമാകില്ലെന്ന് കാങ് പറഞ്ഞു. വാക്‌സിന് ലൈസന്‍സ് നല്‍കല്‍ വളരെ ദൈര്‍ഘ്യമേറിയ നടപടിയാണ്. ഫലപ്രാപ്തി ഡാറ്റ ലഭിച്ചതിനുശേഷം മാത്രമേ ഒരു വാക്‌സിന് ലൈസന്‍സ് നല്‍കാന്‍ കഴിയൂ. വിദേശ വാക്‌സിന്‍ ആണെങ്കില്‍, ആ വാക്‌സിനുകള്‍ വാങ്ങണം, അവ ഇറക്കുമതി ചെയ്യണം, വിതരണം ചെയ്യണം, എങ്ങനെ കുത്തിവയ്ക്കാം എന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കണം. ഇതെല്ലാം കഴിഞ്ഞ ശേഷമേ ജനങ്ങളിലേക്ക എത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.