ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്‌തെന്നും തന്റെ കുട്ടിയുടെ അച്ഛന്‍ അദ്ദേഹമാണെന്നും വ്യക്തമാക്കി പരാതിയുമായി യുവതി. ദ്വാരഹത് എംഎല്‍എ മഹേഷ് നേഗിക്കെതിരെയാണ് പരാതി. 2016 മുതല്‍ 2018 വരെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം പുറത്തുപറയാതിരിക്കാന്‍ എംഎല്‍എയുടെ ഭാര്യ 25 ലക്ഷം വാഗ്ദാനം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. നെഹ്‌റു കോളനി പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് ഓഫീസര്‍ അശോക് കുമാര്‍ പറഞ്ഞു.
തന്റെ കുട്ടിയുടെ അച്ഛന്‍ ബിജെപി നേതാവ് നേഗിയാണെന്നും ഇതു തെളിയിക്കാന്‍ കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്നും യുവതി ആവശ്യപ്പെട്ടു. എംഎല്‍എയുടെ അയല്‍ക്കാരിയാണ് പരാതി നല്‍കിയ യുവതി. അമ്മയുടെ രോഗവുമായി ബന്ധപ്പെട്ടാണ് 2016ല്‍ എംഎല്‍എയെ സമീപിച്ചത്. ഇതിനു ശേഷം തന്നെ അദ്ദേഹം യാത്രകളില്‍ കൂടെ കൂട്ടുകയും മുസൂറി, നൈനിറ്റാള്‍, ദല്‍ഹി, ഹിമാചല്‍ പ്രദേശ്, നേപാള്‍ എന്നിവടങ്ങളില്‍ കൊണ്ടു പോയി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.
അതേസമയം എംഎല്‍എയുടെ ഭാര്യ യുവതിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. യുവതി ഭര്‍ത്താവിനെ ബ്ലാക്‌മെയില്‍ ചെയ്യുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ സംഭവത്തെ കുറിച്ച് എംഎല്‍എ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവം ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ വിവാദമായി മാറി. എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതി ഗൗരവമുള്ളതാണെന്നും കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്നും ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രീതം സിംഗ് ആവശ്യപ്പെട്ടു.