കാസര്‍കോട്: കുമ്പളയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ പ്രതി ശ്രീകുമാര്‍ കുറ്റം സമ്മതിച്ചു. ചൊവ്വാഴ്ച രാത്രി തൂങ്ങി മരിച്ച മണിക്കും റോഷനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും ഒരാളെ കൂടി പിടികൂടാനുണ്ടെന്നും പോലീസ് അറിയിച്ചു.
ശ്രീകുമാറിനെ ചോദ്യം ചെയ്യലില്‍ നിന്ന് റോഷന്‍, മണി എന്നിവര്‍ ഉള്‍പ്പെടെ നാലംഗ സംഘമാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് എന്ന് വ്യക്തമായി. ഒരു സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലിയുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത് എന്ന് പ്രതി ശ്രീകുമാര്‍ മൊഴി നല്‍കി. ശ്രീകുമാര്‍ മറ്റു പ്രതികളുമായി ചേര്‍ന്ന് മദ്യപിച്ചിരുന്ന സമയത്ത് ഈ വൈരാഗ്യത്തെ കുറിച്ച് പറയുകയുണ്ടായി. മദ്യപിച്ചതിന് ശേഷം നടത്തിയ ആസൂത്രണമനു സരിച്ചായിരുന്നു ഇവര്‍ ഹരീഷിനെ കൊന്നത്.
തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ കാറില്‍ വന്ന് സംഘം ഹരീഷിനെ വീട്ടിലേക്കുള്ള വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും ആക്രമിക്കുകയും ചെയ്തു. കഴുത്തിലും തലയിലും ഏറ്റ വെട്ടുകളാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. മണിക്കും, റോഷനും കൊല്ലപ്പെട്ട ഹരീഷുമായി മുന്‍പരിചയമോ ബന്ധമോ ഉണ്ടായിരുന്നില്ല. കേസില്‍ പ്രതിയാകും എന്ന ഭയം കൊണ്ടാണ് റോഷനും, മണിയും ആത്മഹത്യ ചെയ്തത്.

