കൊച്ചി: കൊവിഡ് മഹാമാരി നാടാകെ പടര്‍ന്ന ഇക്കാലത്ത് സമരങ്ങളും പ്രതിഷേധങ്ങളും വിലക്കിയ മുന്‍ ഉത്തരവ് ഹൈക്കോടതി ഈ മാസം 31 വരെ നീട്ടി. കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളില്‍ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നടപടി. കഴിഞ്ഞ മാസം 15നായിരുന്നു കൊവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ കേരളത്തില്‍ സമരങ്ങള്‍ വിലക്കി ഹൈക്കോടതി ഉത്തരവിട്ടത്. സ്വര്‍ണക്കടത്ത് കേസില്‍, സര്‍ക്കാരിനെതിരേ പ്രതിപക്ഷം സമരത്തിനിറങ്ങിയ ഘട്ടത്തിലായിരുന്നു ഹൈക്കോടതി ഇടപെടല്‍ ഉണ്ടായത്.
കോടതി ഇടപെടലിനു പിന്നാലെ സര്‍ക്കാരിനെതിരേ യുഡിഎഫ് നടത്താനിരുന്ന എല്ലാ സമരങ്ങളും മാറ്റുകയായിരുന്നു. കൊവിഡ് കാലത്ത് പ്രതിഷേധ സമരങ്ങള്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞത്. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടന്നാല്‍ ഡിജിപിയും ചീഫ് സെക്രട്ടറിയും ഉത്തരവാദികളാവുമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.



