റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാണയം വിഴുങ്ങിയ മൂന്നുവയസ്സുകാരന്‍ മരിച്ചു; ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും

August 2, 2020 - 4:37 pm

കൊച്ചി: ആലുവ കടുങ്ങല്ലൂരില്‍ നാണയം വിഴുങ്ങിയ മൂന്നുവയസ്സുകാരന്‍ മരിച്ചു. നന്ദിനി- രാജു ദമ്പതികളുടെ മകന്‍ പൃഥ്വിരാജ് ആണ് മരിച്ചത്. ശനിയാഴ്ച 11 മണിക്കാണ് പൃഥ്വിരാജ് നാണയം വിഴുങ്ങിയത്. കുട്ടി വല്യമ്മയോട് താന്‍ നാണയം വിഴുങ്ങിയെന്ന് പറയുകയായിരുന്നു. ഉടന്‍ ഓട്ടോറിക്ഷ വിളിച്ച് ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെ എക്‌സ്- റേ എടുത്തുനോക്കി. നാണയം ആമാശത്തിലാണ് കിടക്കുന്നതെന്നും ശ്വാസതടസമില്ലാത്തതിനാല്‍ പേടിക്കേണ്ടെന്നും ചോറും പഴവും കഴിച്ചാല്‍ നാണയം പുറത്തുവരുമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവിടെനിന്ന് ഇറങ്ങി.

റോഡില്‍ നില്‍ക്കുമ്പോള്‍ പരിചയക്കാരനായ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് പോകാമെന്ന് പറഞ്ഞു. അവിടെ അധികൃതര്‍ നല്ല സമീപനമായിരുന്നു. അവിടെയെത്തുമ്പോള്‍ കുട്ടിക്ക് മറ്റ് അസ്വാസ്ഥ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ അലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പേടിക്കേണ്ടെന്നും പഴവും വെള്ളവും കൊടുത്താല്‍ നാണയം പുറത്തുവരുമെന്നാണ് അവിടെയും പറഞ്ഞത്. അഥവാ നാണയം പുറത്തുപോയില്ലെങ്കില്‍ മൂന്നുദിവസം കഴിഞ്ഞ് സര്‍ജറി ചെയ്യാമെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. വൈകീട്ട് അഞ്ചുമണിയോടെ ഭക്ഷണം കഴിക്കാനായി കുട്ടിയെ വിളിച്ചപ്പോള്‍ അനക്കമുണ്ടായിരുന്നില്ല. ഉടന്‍ അയല്‍ക്കാരുടെ സഹായത്തോടെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് മരണം സംഭവിച്ചു. കുഴപ്പമില്ലെന്ന് ആലുവയിലെ ഡോക്ടറും പറഞ്ഞതുകൊണ്ടാണ് സ്വകാര്യ ആശുപത്രികളിലൊന്നും പോകാതിരുന്നതെന്ന് കുട്ടിയുടെ വല്യമ്മ പറഞ്ഞു.

കുട്ടി വിഴുങ്ങിയ നാണയം ആമാശയത്തില്‍നിന്ന് ചെറുകുടലിലേക്ക് എത്തിയിരുന്നു. ആലുവ ജില്ലാ ആശുപത്രിയിലും എറണാകുളം ജില്ലാ ആശുപത്രിയിലും പീഡിയാട്രിക് സര്‍ജന്‍ ഉണ്ടായിരുന്നില്ല. വയറിളകി നാണയം പുറത്തുപോകേണ്ടതാണ്. പോസ്റ്റ്‌മോര്‍ട്ടം നടന്നാല്‍ മാത്രമേ മരണകാരണം അറിയാന്‍ കഴിയുകയുള്ളൂവെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. സ്രവം കൊവിഡ് പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.

സംഭവത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണം പ്രഖ്യാപിച്ചു. ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേ കുട്ടിയുടെ ബന്ധുക്കള്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് നടപടി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട നല്‍കാന്‍ നിര്‍ദേശിച്ചു. കുട്ടിക്ക് ചികിത്സ നിഷേധിച്ചോ, ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് പിഴവുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *