ചാലക്കുടി: വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് കൊരട്ടി കോനൂര്‍ സ്വദേശി കേമ്പള്ളി രഞ്ജിത്തിനെ(34) അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വീട്ടമ്മ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്തശേഷം മോര്‍ഫ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി.
വിശ്വാസം വരാനായി ചിത്രങ്ങള്‍ മെമ്മറി കാര്‍ഡിലാക്കി വീടിന്റെ മതിലില്‍ കൊണ്ടുവയ്ക്കുകയും വീട്ടുകാരെ ഇക്കാര്യം ഫോണിലൂടെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പണം ആവശ്യപ്പെട്ട് സന്ദേശമയച്ച രഞ്ജിത്ത് അത് എത്തിക്കേണ്ട സ്ഥലവും സമയവും അറിയിച്ചു. ഇതിനിടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പൊലീസ് സൈബര്‍ ഡോമിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയും പ്രതിയെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.



