കട്ടപ്പന- പത്തനം തിട്ട ജില്ലയിലെ സീതത്തോട് ഫോറസ്റ്റ് റെയിഞ്ചിലെ വനപാലകര്‍ അനധികൃതമായി വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുടമയെ കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തളളുകയും ചെയ്ത സംഭവത്തില്‍ കേസെടുത്ത് കുറ്റക്കാരായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനശക്തി സംസ്ഥാന സെക്രട്ടറി എം.എല്‍.ആഗസ്തി സംസ്ഥാന മനുഷ്യവകാശ കമ്മീഷന് പരാതി നല്‍കി. വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ പി.കെ കേശവന്‍ ഐഎഎസ്, കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, സീതത്തോട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് പരാതി.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ മത്തായിയുടെ വീട്ടിലെത്തിയ വനപാലക സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരു വ്യക്തിയെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ പാലിക്കേണ്ടതായിട്ടുളള സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ഒന്നും പാലിക്കാതെയും എന്തിനാണ് തന്‍റെ ഭര്‍ത്താവിനെ കൊണ്ടുപോകുന്നതെന്ന ഭാര്യയുടെ ചോദ്യത്തിന് തികച്ചും മാര്യദകെട്ട ലൈംഗിക ചുവയുളള മറുപടി പറയുകയും ആണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
വനം വകുപ്പ് സ്ഥാപിച്ചിരുന്ന സിസിടിവി ക്യമറ നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് വനപാലകര്‍ മത്തായിയെ കസ്റ്റഡിയിലെടുത്തത്. വനം വകുപ്പിന്‍റെ എന്തെങ്കിലും വസ്തുവകകള്‍ നഷ്ടമായാല്‍ അവര്‍ പോലീസില്‍ പരാതി നല്‍കുകയാണ് വേണ്ടത്. വനം വകുപ്പിന്‍റെ അധികാരപരിധിയിലുളളത് വനം വന്യജീവി സമ്പത്തുക്കള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായാല്‍ അതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നത് മാത്രമാണ്. എന്നാല്‍ ഇവിടെ വനം വകുപ്പ് നിയമങ്ങളനുസരിച്ചുളള യാതൊരു കുറ്റകൃത്യങ്ങളുടേയും പേരില്‍ മത്തായിക്കെതിരെ കേസോ പരാതിയോ ഉണ്ടായിരുന്നില്ല. വനപാലകര്‍ സംഘമായി വന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും സ്ത്രീയോട് അപമര്യാദയായി സംസാരിക്കുകയും ചെയ്തു.
ആയതിനാല്‍ ഇത്തരം ഉദ്യോഗസ്ഥ രാജ് നടപ്പിലാക്കുന്ന വനപാലകരെ നിയന്ത്രിക്കാന്‍ ഉത്തരവാദിത്വമുണ്ടായിട്ടും അതുചെയ്യാതെ, ഇല്ലാത്ത അധികാരത്തിന്‍റെ പേരില്‍ ജനങ്ങളുടെ മേല്‍ കുതിരകയറുന്ന ഉദ്യോഗസ്ഥരെ അഴിച്ചുവിട്ടിരിക്കുന്ന ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ ,റെയിഞ്ച് ഓഫീസര്‍, എന്നിവര്‍ക്കെതിരെയും, കുറ്റകൃത്യം നടപ്പിലാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തി മനുഷ്യവകാശ ലംഘനത്തിന്‍റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആഗസ്തി മനുഷ്യാവകാശ കമ്മീഷനുളള പരാതിയില്‍ ആവശ്യപ്പെട്ടു