ക്രമാതീതമായ പെരുകിയ കുരങ്ങുകള്‍ നാട്ടുകാര്‍ക്ക് ശല്യമായി: സമൂഹ വന്ധ്യകരണത്തിന് തദ്ദേശ സ്വയംഭരണ അധികൃതര്‍

ബാങ്കോക്ക്: നമ്മുടെ നാട്ടിലെ തെരുവുനായകളെപോലെ തായ്‌ലന്‍ഡില്‍ കുരങ്ങുകള്‍ പൊതുശല്യമായി മാറിയിരിക്കുകയാണ്. തായ്ലന്‍ഡിലെ ലോപ്ബുരിയില്‍ ആയിരക്കണക്കിന് കുരങ്ങുകളാണ് നിയന്ത്രണമില്ലാതെ അക്രമാസക്തരായി ഓടിനടക്കുന്നത്. കുരങ്ങുകളെ ഭയന്നാണ് ഇവിടെയിപ്പോള്‍ ആളുകളുടെ ജീവിതംതന്നെ. കൈയില്‍കിട്ടുന്നതെന്തും ഇവ എടുത്തുകൊണ്ടുപോകും. ഭക്ഷണസാധനങ്ങള്‍ മാത്രമല്ല, മുറ്റത്ത് ഉണങ്ങാനിടുന്ന തുണിയും ചെരിപ്പുമെല്ലാം എടുത്തുകൊണ്ടുപോകുന്നു. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, ബാഗുകള്‍, വീട്ടുസാധനങ്ങള്‍ അടക്കം കൈയില്‍ ഒതുങ്ങുന്നതെന്തും അടിച്ചുമാറ്റും. പച്ചക്കറിക്കട മാത്രമല്ല സ്വര്‍ണക്കട, ബാര്‍ബര്‍ഷോപ്പ്, മൊബൈല്‍ ആക്‌സസറീസ് ഷോപ്പ്, സിനിമാ തിയേറ്റര്‍ തുടങ്ങിയവ വരെ ഇവയുടെ ശല്യംമൂലം അടച്ചുപൂട്ടി.

ഒരുകാലത്ത് കുരങ്ങുകള്‍ വിനോദസഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും അരുമകളായിരുന്നു. ഇവയ്ക്ക് യഥേഷ്ടം ഭക്ഷണവും നല്‍കിയിരുന്നു. പക്ഷിമൃഗാദികള്‍ക്ക് ഭക്ഷണം നല്‍കുന്നത് പുണ്യപ്രവൃത്തിയായി നമ്മേപ്പോലെ ഇവിടുത്തുകാരും കരുതിയിരുന്നു. കൊവിഡ് മഹാമാരിയോടെ വിനോദസഞ്ചാരികളുടേയും തീര്‍ത്ഥാടകരുടേയും വരവുകുറഞ്ഞു. ഭക്ഷണവും വെള്ളവും കിട്ടാതായതോടെയാണ് ഇവ അക്രമാസക്തരാവാന്‍ തുടങ്ങിയത്. വിശപ്പ് കയറുമ്പോള്‍ അക്രമാസക്തരാവുന്ന കുരങ്ങുകള്‍ക്ക് നാട്ടുകാര്‍തന്നെ എന്തെങ്കിലും ഭക്ഷണം ഇട്ടുകൊടുക്കും. ഇല്ലെങ്കില്‍ ഇവ അവര്‍ക്ക് ദുരിതം സമ്മാനിക്കുന്നു. ഏതാണ്ട് 8500 കുരങ്ങുകള്‍ ഇവിടെ ഉണ്ടെന്നാണ് കണക്ക്.

കൈയില്‍കിട്ടുന്നതെന്തും തട്ടിയെടുത്ത് ഓടുന്ന കുരങ്ങുകളെ പേടിച്ച് സ്വര്‍ണാഭരണങ്ങള്‍വരെ അതിരഹസ്യമായാണ് വീട്ടുകാര്‍ സൂക്ഷിച്ചുവയ്ക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെയാണ് ഇവ ഇത്രയും പെരുകിയത്. കുരങ്ങുകളെ പട്ടിണിക്കിടാന്‍ മടിക്കുന്ന നാട്ടുകാര്‍ പലപ്പോഴും ഇവയ്ക്ക് ജങ്ക് ഫുഡ് വാങ്ങി നല്‍കുന്നു. പഞ്ചസാരയും ഫാറ്റും കൂടുതല്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ അകത്തുചെല്ലാന്‍ തുടങ്ങിയതോടെ അവയുടെ ലൈംഗികാസക്തി കൂടുതലായെന്നും അതാണ് അടുത്ത കാലത്തായി എണ്ണത്തില്‍ വര്‍ധനവുണ്ടായതെന്നും ആളുകള്‍ പറയുന്നു.

പ്രവര്‍ത്തനം നിലച്ച ഒരു സിനിമാ തിയേറ്ററാണ് ഇവയുടെ വാസസ്ഥലം. ചത്ത കുരങ്ങുകളെ കുഴിച്ചിടുന്നത് ഈ തിയേറ്ററിന്റെ പിറകുവശത്താണ്. അവിടേക്ക് ഒരു മനുഷ്യരേയും കടക്കാന്‍ കുരങ്ങുകള്‍ അനുവദിക്കുകയില്ല. കുരങ്ങുകളെ ഭയപ്പെടുത്താനായി കടുവ, സിംഹം, മുതല മുതലായവയുടെ കോലങ്ങള്‍ വ്യാപാരസ്ഥാപനങ്ങളുടെ മുമ്പില്‍ സ്ഥാപിച്ചുനോക്കി. ആദ്യമൊക്കെ കുരങ്ങുകള്‍ ഭയന്നുപിന്മാറിയെങ്കിലും പിന്നീട് ഭയംമാറിയ കുരങ്ങുകള്‍ പഴയപടിയായി. ശല്യം സഹിക്കവയ്യാതായതോടെ തദ്ദേശ സ്വയംഭരണ അധികൃതര്‍ ഇവയെ പിടികൂടി വന്ധ്യംകരണം നടത്തുകയാണ്.

Share
അഭിപ്രായം എഴുതാം