റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് പരിശോധനാഫലം ഇനി രണ്ട് മണിക്കൂറില്‍

ആലപ്പുഴ: കോവിഡ് വ്യാപനആശങ്കകള്‍ക്കിടയില്‍ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് നിവാസികള്‍ക്ക് പുത്തന്‍ പ്രതീക്ഷയേകി തുറവൂര്‍ താലൂക്ക് ആശുപത്രി. കോവിഡ് നിര്‍ണയ ടെസ്റ്റുകളില്‍ ഏറ്റവും പ്രധാനപ്പെട്ട പരിശോധനയായ ട്രൂ നാറ്റ് ടെസ്റ്റ് തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഉടന്‍ ആരംഭിക്കും.

50 ലക്ഷം രൂപ മുതല്‍ മുടക്കി രണ്ട് മെഷീനുകള്‍ ആണ് ആരോഗ്യ വകുപ്പ് ആശുപത്രിയില്‍ സ്ഥാപിക്കുന്നത്. പ്രവര്‍ത്തന തുകയായ 12 ലക്ഷം രൂപ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വഹിക്കും. കോവിഡ് രോഗവ്യാപന ഭീതിയില്‍ കഴിയുന്ന ചെല്ലാനം, പള്ളിത്തോട്, എഴുപുന്ന തുടങ്ങിയ പ്രദേശങ്ങളിലെ ഇനിയും രോഗനിര്‍ണയം നടത്താത്തവര്‍ക്ക് തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ വരുന്ന പുതിയ സംവിധാനം ഏറെ പ്രയോജനം ചെയ്യും.

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ട്രൂ നാറ്റ് പരിശോധന സംവിധാനമില്ലാതിരുന്നതിനാല്‍ ഈ സ്ഥലങ്ങളില്‍ നടത്തിയിരുന്ന കോവിഡ് നിര്‍ണയ പരിശോധനകളുടെ ഫലം ലഭിക്കാന്‍ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും കാലതാമസം ഉണ്ടായിരുന്നു. പുതിയ പരിശോധന സംവിധാനം വരുന്നതോടെ രണ്ടു മണിക്കൂറിനകം ഫലം ലഭിക്കുമെന്നതും കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയരാക്കി രോഗവ്യാപനം തടയാനാകും എന്നതും നേട്ടമാണ്.

ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള മുഴുവനാളുകളുടെയും രോഗ നിര്‍ണയ പരിശോധന നടത്തി രോഗികളായി കണ്ടെത്തുന്ന ആളുകളെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കി വരികയാണെന്ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്‍ അറിയിച്ചു. രണ്ട് ആഴ്ചക്കുള്ളില്‍ ടെസ്റ്റുകള്‍ നടത്താന്‍ കഴിയുംവിധം ആര്‍.എം.ഒ ഡോ. റൂബി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സി.റ്റി വിനോദ്, ബി.ഡി.ഒ വി.ആര്‍ മോനിഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6459/-True-Nat-machine-is-being-set-up-at-Thuravoor-Taluk-Hospital.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *