ചണ്ഡീഗഡ്: മന്ത്രസിദ്ധി കൈവരിക്കാന്‍ നാല് വര്‍ഷത്തിനിടെ അഞ്ച് മക്കളെ ബലികൊടുത്ത യുവാവ് പൊലീസ് പിടിയില്‍. ഹരിയാന ജിന്ദ് ജില്ലയിലെ സഫിദോന്‍ ഗ്രാമത്തിലെ ജുമ്മ (38) എന്നയാളാണ് പൊലീസ് പിടിയിലായത്. ഇതില്‍ രണ്ടു കുട്ടികളെ പ്രതി അടുത്ത നാളിലാണ് കൊന്നതെന്നും പൊലീസ് വ്യക്തമാക്കി. ജൂലൈ 17ന് ഇയാളുടെ 11ഉം ഏഴും വയസ്സുള്ള രണ്ട് പെണ്മക്കളെ കാണാതായി. 20ന് ദിദ്വാര ഗ്രാമത്തിലെ പ്രതിയുടെ വീടിനു സമീപത്തെ കനാലില്‍നിന്ന് രണ്ടുപെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കുട്ടികളെ കാണാനില്ലെന്നു പറഞ്ഞ് ഇയാള്‍ തന്നെ പൊലീസില്‍ പരാതി നല്കി മൂന്നുദിവസത്തിനു ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അന്വേഷണത്തിനിടെ ജുമ്മ പലതവണ മൊഴിമാറ്റിയതാണ് പൊലീസിന് സംശയത്തിനിടയാക്കിയത്. രണ്ടുകുട്ടികളെ നഷ്ടപ്പെട്ടതില്‍ മനോവിഷമം ഉണ്ടെന്നു കരുതി ജുമ്മയെ അന്വേഷണത്തിന്റെ തുടക്കത്തില്‍ പൊലീസ് ചോദ്യം ചെയ്തിരുന്നില്ല. നാട്ടുകൂട്ടം ചേര്‍ന്ന് അന്വേഷണത്തില്‍ ഇടപെട്ടതോടെ കുട്ടികളെ കൊലപ്പെടുത്തിയ കാര്യം പിതാവു തന്നെ സമ്മതിക്കുകയായിരുന്നു. രണ്ടു കുട്ടികള്‍ക്കും മയക്കുമരുന്ന് നല്‍കിയശേഷം കനാലില്‍ എറിയുകയായിരുന്നെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായി എഎസ്പി അജിത് സിങ് ഷെഖാവത്ത് പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ടാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 11ല്‍ താഴെ പ്രായമുള്ള ജുമ്മയുടെ മൂന്നുകുട്ടികള്‍ നേരത്തെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ നടന്ന കൊലപാതകങ്ങളില്‍ കുട്ടികള്‍ക്കൊപ്പം ഭാര്യക്കും ഇയാള്‍ ലഹരിമരുന്ന് നല്‍കിയതായി പൊലീസ് കണ്ടെത്തി.
കൂലിപ്പണിക്കാരനായ ഇയാള്‍ സാമ്പത്തിക ബുദ്ധിമുട്ടില്‍നിന്ന് മോചനം പ്രാപിക്കുന്നതിന് മന്ത്രവാദത്തില്‍ അഭയം പ്രാപിച്ചിരുന്നു. മന്ത്രിസിദ്ധി കൈവരിക്കാന്വേണ്ടിയാണ് കുട്ടികളെ ബലികൊടുത്തതെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊലപാതകക്കുറ്റം അടക്കം വിവിധ വകുപ്പുകള്‍ ചേര്‍ത്ത് ഇയാള്‍ക്കെതിരേ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

