ചൈനയുടെ കൂടുതല്‍ നയതന്ത്ര കാര്യാലയങ്ങള്‍ അടപ്പിക്കാന്‍ അമേരിക്കയില്‍ നീക്കം

ന്യൂയോര്‍ക്ക്: ചൈനയും അമേരിക്കയും തമ്മിലുള്ള അഭിപ്രായഭിന്നത കൂടുതല്‍ തലങ്ങളിലേക്ക് കടക്കുന്നു. ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് അടച്ചുപൂട്ടിയതിനു പിന്നാലെ കൂടുതല്‍ കോണ്‍സുലേറ്റുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുന്നതു സംബന്ധിച്ച് ആലോചിക്കുന്നുണ്ടെന്ന് ട്രംപ് പ്രസ്താവിച്ചു. അമേരിക്കയുടെ ഈ നടപടിക്കെതിരേ ഉചിതമായ തിരിച്ചടി തങ്ങള്‍ നല്‍കുമെന്ന് ചൈനയും പ്രതികരിച്ചു. ചൈനീസ് നഗരമായ ചെങ്ഡുവിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് നിര്‍ത്തലാക്കി തിരിച്ചടിക്കുമെന്നാണ് ചൈന പ്രതികരിച്ചത്. നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനുവേണ്ടിയാണ് ചൈനയെ ശത്രുവായി ഉയര്‍ത്തിക്കാട്ടാന്‍ ട്രംപ് ശ്രമിക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി.

ഇതിനിടെ വിസ തട്ടിപ്പുകേസില്‍ തങ്ങള്‍ അന്വേഷിക്കുന്ന യുവതിയെ ചൈനീസ് കോണ്‍സുലേറ്റില്‍ ഒളിപ്പിച്ചെന്ന് അമേരിക്ക ആരോപിച്ചു. ബയോളജിയില്‍ ഗവേഷണം നടത്താനെത്തിയ യുവതി ചൈനീസ് സൈന്യവുമായുള്ള ബന്ധം മറച്ചുവച്ചെന്നാണ് ആരോപണം. എഫ്ബിഐ ഇവരുടെ സൈനികബന്ധം കണ്ടെത്തി ചോദ്യംചെയ്തതോടെ കോണ്‍സുലേറ്റില്‍ അഭയം പ്രാപിക്കുകയായിരുന്നു.

ഈ യുവതിയെപ്പോലെ അനേകം ആളുകളെ ഗവേഷണമെന്ന പേരില്‍ അമേരിക്കയില്‍ ചൈന നിയോഗിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. അമേരിക്ക ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതിനാല്‍ തങ്ങളുടെ വിവിധ രാജ്യങ്ങളിലെ കാര്യാലയങ്ങളില്‍ നിരവധി ബോംബ്- വധ ഭീഷണികള്‍ ലഭിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുനിയിങ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം